കായംകുളം:റവന്യൂ ജില്ലാ കലോത്സവം അവസാനിക്കാൻ ഒരു പകൽ മാത്രം ശേഷിക്കെ കലോത്സവ നഗരിയിൽ അപ്പീൽപ്രളയം. ജില്ലാ വിദ്യാഭ്യാസ ഓഫീസർ അപ്പലേറ്റ് അതോറിട്ടിയായ അപ്പീൽ കമ്മിറ്റി മുമ്പാകെ ഇന്നലെ രാത്രി വരെ 70 ഓളം അപ്പീലുകളാണെത്തിയത്.
നൃത്ത ഇനങ്ങളാണ് അപ്പീലുകളിൽ മുന്നിൽ. മോഹിനിയാട്ടം, കേരള നടനം, ഭരതനാട്യം, കഥാപ്രസംഗം, നാടകം, ഒപ്പന തുടങ്ങിയ ഇനങ്ങളിലാണ് ഏറ്റവുമധികം അപ്പീലുകളെത്തിയത്. എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗങ്ങളിലാണ് അപ്പീലുകളേറെയും. 5000 രൂപയാണ് അപ്പീൽ നൽകുന്നതിനുള്ള ഫീസ്. വിധി നിർണയത്തിലെ അപാകതകൾക്ക് പുറമേ കർട്ടൻ വീണതുൾപ്പെടെ സാങ്കേതിത തകരാറുകളും അപ്പീലുകൾക്ക് കാരണമാകുന്നുണ്ട്. അപ്പീലുകളിൽ മത്സരത്തിന്റെ വീഡിയോയുൾപ്പെടെ 6ന് ആലപ്പുഴയിൽ സൗകര്യപ്രദമായ ഏതെങ്കിലും കേന്ദ്രത്തിൽ പരിശോധിച്ചശേഷം സംസ്ഥാന തല മത്സരങ്ങളിൽ വിധി കർത്താക്കളാകാൻ യോഗ്യരായ ജഡ്ജസിന്റെ തീരുമാനത്തിന് വിധേയമായി തീർപ്പുകൽപ്പിക്കാനാണ് അപ്പീൽകമ്മിറ്റിയുടെ തീരുമാനം.