
കായംകുളം: അന്താരാഷ്ട്ര ശുചിത്വ ഉച്ചകോടിയിൽ കേരളത്തെ പ്രതിനിധീകരിക്കുന്ന ജെഫി കലോത്സവ വേദിയിലും തിളങ്ങി. ജനുവരിയിൽ തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തിൽ നടക്കുന്ന അന്താരാഷ്ട്ര ശുചിത്വ ഉച്ചകോടിയിൽ കേരളത്തെ പ്രതിനിധീകരിച്ച് ഗവേഷണ പ്രബന്ധം അവതരിപ്പിക്കാൻ തിരഞ്ഞെടുക്കപ്പെട്ട അർത്തുങ്കൽ സെന്റ് ഫ്രാൻസിസ് അസീസി ഹയർ സെക്കൻഡറി സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനി ജെഫി അലോഷ്യസാണ് ഹൈസ്കൂൾ വിഭാഗം ഹിന്ദി പദ്യം ചൊല്ലലിൽ ഒന്നാം സ്ഥാനം നേടിയത്.
മോണോ ആക്ടിൽ സെക്കൻഡ് എ ഗ്രേഡും നേടി. സംസ്ഥാന ബാല പാർലമെന്റ് മുൻ പ്രസിഡന്റായിരുന്നു. കഴിഞ്ഞ വർഷത്തെ എൻ.സി.സി കേരള- ലക്ഷദ്വീപ് ജൂനിയർ ആർമി ബെസ്റ്റ് കേഡറ്റ് സിൽവർ മെഡൽ, സംസ്ഥാന സ്‌കൂൾ കലോത്സവം, വിദ്യാരംഗം സംസ്ഥാന സെമിനാർ പ്രബന്ധ മത്സര ജേതാവുമായിരുന്നു. ചേർത്തല തെക്ക് പഞ്ചായത്ത് അരേശ്ശേരിൽ അദ്ധ്യാപകരായ അലോഷ്യസ് ജോസഫിന്റെയും റോസ് ദെലീമയുടെയും മകളാണ്. ഇതേ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥി ഫെബി അലോഷ്യസ് സഹോദരിയാണ്.