ആലപ്പുഴ: കയർ തൊഴിലാളി മേഖലയിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് 5ന് സൂചന പണിമുടക്ക് സംഘടിപ്പിക്കാൻ കേരള കയർ സെന്റർ (സി.ഐ.ടി.യു) സംസ്ഥാന കമ്മിറ്റി തീരുമാനിച്ചതായി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കയർപിരി തൊഴിലാളികളുടെ കൂലി കാലോചിതമായി പരിഷ്‌കരിക്കുക. ക്ഷേമനിധി ആനുകൂല്യങ്ങളുടെ കുടിശിക തീർത്തു നൽകുക, ഉത്പാദന മേഖലയിൽ ഐ.ആർ.സി തീരുമാനം നടപ്പിലാക്കുക, ചകിരിക്ഷാമം പരിഹരിക്കാൻ കയർഫെഡ് വഴി നടപടി സ്വീകരിക്കുക, തൊഴിൽ ദിനങ്ങൾ വർദ്ധിപ്പിക്കാൻ ഇടപെടലുകൾ നടത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണു പണിമുടക്ക്.പണിമുടക്കുന്ന തൊഴിലാളികൾ വില്ലേജ് ഓഫിസുകളിലേക്കും സർക്കാർ സ്ഥാപനങ്ങളിലേക്കും മാർച്ച് നടത്തുമെന്നും പ്രസിഡന്റ് സി.ബി.ചന്ദ്രബാബു, ജനറൽ സെക്രട്ടറി കെ.കെ.ഗണേശൻ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.