ചാരുംമൂട് : പാലമേൽ പഞ്ചായത്തിലെ മറ്റപ്പള്ളിയിൽ കുന്നുകൾ ഇടിച്ചു നിരത്തിയുള്ള അശാസ്ത്രീയമായ മണ്ണ് ഖനനത്തിൽ നിന്ന് സർക്കാർ പിന്മാറണമെന്ന് ബി.ജെ.പി ചാരുംമൂട് മണ്ഡലം കമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഇതിനെ ബി.ജെ.പി ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്നും മറ്റപ്പള്ളി ഭാഗത്തുനിന്ന് ഒരുതരി മണ്ണെടുക്കാൻ ബി.ജെ.പി അനുവദിക്കുകയില്ലെന്നും യോഗം മുന്നറിയിപ്പ് നൽകി. ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.വി.ഗോകുമാർ യോഗം ഉദ്ഘാടനം ചെയ്തു. ബി.ജെ.പി ചാരുംമൂട് മണ്ഡലം പ്രസിഡന്റ് പ്രഭകുമാർ മുകളയ്യത്ത് അദ്ധ്യക്ഷത വഹിച്ചു. ലീഗൽ സെൽ ആലപ്പുഴ ജില്ലാ കൺവീനർ അഡ്വ.ഹരീഷ് കാട്ടൂർ പ്രമേയം അവതരിപ്പിച്ചു.ബി.ജെ.പി ജില്ലാ സെക്രട്ടറി കെ.സഞ്ചു, ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗം മധു ചുനക്കര, കർഷകമോർച്ച ജില്ലാ പ്രസിഡന്റ് ശ്രീജിത്ത്, മണ്ഡലം ജനറൽ സെക്രട്ടറിമാരായ സന്തോഷ് ചത്തിയറ, റാണി സത്യൻ, ബിജെപി നേതാക്കളായ അഡ്വ. പീയുഷ് ചാരുംമൂട്, അഡ്വ. സതീഷ് പത്മനാഭൻ, സുകുമാരൻ നായർ,വിഷ്ണു ചാരുംമൂട് തുടങ്ങിയവർ സംസാരിച്ചു.