ആലപ്പുഴ : ദേശീയപാത നവീകരണത്തിന്റെ ഭാഗമായി പൊളിച്ചുമാറ്റിയ മതിൽ പുനർ നിർമ്മിക്കാത്തത് ആലപ്പുഴ മെഡിക്കൽ കോളേജ് കാമ്പസിന് സുരക്ഷാഭീഷണിയാകുന്നു. മെഡിസിൻ, ദന്തൽ, നഴ്‌സിംഗ് വിഭാഗങ്ങളിലായി 500ൽ അധികം വിദ്യാർത്ഥികളാണ് കാമ്പസിലുള്ളത്. മതിലില്ലാത്തത് കാരണം ലഹരിക്കച്ചവടക്കാർ ഉൾപ്പടെ സാമൂഹ്യവിരുദ്ധരുടെ വലിയ ഭീഷണിയാണ് രാത്രിയിൽ ക്യാമ്പസ് നേരിടുന്നത്. ദേശീയ പാത അതോറിട്ടി നഷ്ട പരിഹാരം കൈമാറിയിട്ടും മതിൽ നിർമ്മിക്കാത്തതിൽ നേരത്തെ തന്നെ പ്രതിഷേധം ഉയർന്നിരുന്നു.
അതേസമയം, 1.07കോടിരൂപയുടെ പദ്ധതി രണ്ട് വർഷമായി ഭരണാനുമതി കാത്തുകിടക്കുകയാണ്. അത് ലഭിച്ചാൽ മാത്രമേ ടെണ്ടർ നടപടിയിലേക്ക് കടക്കാനാകൂ. സാമ്പത്തിക പ്രതിസന്ധിയാണ് പദ്ധതി അംഗീകാരത്തിന് വിലങ്ങുതടിയാകുന്നത്. ദേശീയപാതയ്ക്ക് സമാന്തരമായി ഒരു കിലോമീറ്റർ ദൂരത്തിലാണ് മതിൽ പണിയേണ്ടത്.
പൊളിച്ചമതിൽ പുനർനിർമ്മിച്ചില്ല
1.സ്ഥലം ഏറ്റെടുക്കൽ നോട്ടീസ് പ്രസിദ്ധീകരിച്ചപ്പോൾ തന്നെ അന്നത്തെ കോളേജ് പ്രിൻസിപ്പൽ ഡോ.ടി.കെ.സുമ നൽകിയ അപേക്ഷയിൽ, മതിൽനിർമ്മാണത്തിന് പൊതുമരാമത്ത് വകുപ്പ് ഒന്നരക്കോടിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി ദേശീയപാത അതോറിട്ടിക്ക് നൽകിയിരുന്നു
2.ഡോ.ടി.കെ.സുമ സർവീസിൽ നിന്ന് വിരമിച്ചതോടെ പദ്ധതിക്ക് ആവശ്യമായ പണം നേടിയെടുക്കുന്നതിൽ തുടർപ്രവർത്തനം ഉണ്ടായില്ല. കഴിഞ്ഞ ദിവസം നടന്ന അവലോകന യോഗത്തിലും ഫണ്ട് അനുവദിക്കുന്നത് സംബന്ധിച്ച് ഒരു തീരുമാനവും ഉണ്ടായില്ല
3. മതിലിനുള്ള നഷ്ടപരിഹാരത്തുകയായ 37ലക്ഷം ദേശീയപാത അതോറിട്ടി ട്രഷറിയിൽ അടച്ചെങ്കിലും പദ്ധതിയുടെ ശേഷിച്ച തുക ധനവകുപ്പിൽ നിന്ന് നേടിയെടുക്കുന്നതിൽ കോളേജ് അധികൃതർ പരാജയപ്പെട്ടുവെന്നാണ് പ്രധാന ആക്ഷേപം
4. ഹോസ്റ്റലിലെ വിദ്യാർത്ഥികൾ രാത്രി 9.30ന് മുമ്പ് തിരിച്ചെത്തണമെന്നാണ് നിർദ്ദേശം. അല്ലാത്തവർ മൂവ്മെന്റ് രജിസ്റ്ററിൽ രേഖപ്പെടുത്തണം. എന്നാൽ, മതിലില്ലാത്ത കാമ്പസിൽഇതൊക്കെ എങ്ങനെ നടപ്പാക്കുമെന്നാണ് അധികൃതർ ചോദിക്കുന്നത്
........................................................................................................................................
1.07കോടി രൂപയുടെ എസ്റ്റിമേറ്റ് അംഗീകാരത്തിനായി സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. ഭരണാനുമതിയും ഫണ്ടും ലഭിച്ചാൽ ടെണ്ടർ പൂർത്തികരിച്ച് നിർമ്മാണം വേഗത്തിലാക്കും.
- പൊതുമരാമത്ത് വകുപ്പ് അധികൃതർ
ആലപ്പുഴ മെഡിക്കൽ കോളേജിന്റെ മതിൽ പുനർ നിർമ്മിക്കുന്നതിനുള്ള പദ്ധതി ഭരണാനുമതിക്ക് സമർപ്പിച്ചിരിക്കുകയാണ്. ആവശ്യമായ ഇടപെടൽ നടത്തി വരുന്നു
- എച്ച്.സലാം എം.എൽ.എ
കാമ്പസിലെ വിദ്യാർത്ഥികൾ : 500
പദ്ധതിത്തുക : 1.07കോടി
നഷ്ടപരിഹാരം : 37ലക്ഷം