s

ആലപ്പുഴ: മെഡിക്കൽ വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന ടവേരയും, കെ.എസ്.ആർ.ടി.സി ബസ്സും കൂട്ടിയിടിച്ച് കിടക്കുന്നത് കണ്ടെങ്കിലും, സഹപാഠികളെ ആദ്യം തിരിച്ചറിയാൻ ഒന്നാം വർഷ വിദ്യാർത്ഥികളായ അശ്വിത്തിനും, ദേവദീപിനും സാധിച്ചില്ല. സിനിമയ്ക്ക് പോകാൻ കാറിൽ കൂട്ടുകാർക്കൊപ്പം കയറാൻ തീരുമാനിച്ചിരുന്നെങ്കിലും, വീട്ടിൽ നിന്ന് ഫോൺ കാൾ വന്നതോടെയാണ് കോഴിക്കോട് സ്വദേശിയായ അശ്വിത്ത് പിൻവാങ്ങിയത്. ഹോസ്റ്റലിന് സമീപത്തൊരു വീട്ടിൽ പേയിങ്ങ് ഗസ്റ്റായി താമസിക്കുന്ന അശ്വിത്ത്, ദേവദീപിനൊപ്പം പിന്നാലെ ബൈക്കിലാണ് യാത്ര പുറപ്പെടുകയായി​രുന്നു. അപകടത്തെ തുടർന്ന് കളർകോട് ഭാഗത്ത് പൊലീസ് വാഹനങ്ങൾ തടഞ്ഞ് വഴിതിരിച്ച് വിടുന്നത് കണ്ട് സ്ഥലത്തിറങ്ങി നോക്കി. സഹപാഠികൾ പോയതും ടവേരയിലാണെന്ന് അറിയുന്നതിനാൽ വാഹനത്തിന് അടുത്ത് ചെന്ന് പരിശോധിച്ചു. പക്ഷേ രക്തത്തിൽ കുളിച്ചു കിടന്ന ആരെയും തിരിച്ചറിയാനായില്ലെന്ന് അശ്വിത്ത് പറഞ്ഞു. ഇരുവരും മുന്നോട്ട് യാത്ര തുടരുന്നതിനിടെ കൂട്ടുകാരുടെ നമ്പരിലേക്ക് തുടർച്ചയായി വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. അപ്പോഴേക്കും സമയം 9.45 ആയിരുന്നു. ഒരുപക്ഷേ സിനിമ ആരംഭിച്ചതിനാലാവാം ഫോണെടുക്കാത്തതെന്ന് സ്വയം സമാധാനിക്കാൻ ശ്രമിച്ചെങ്കിലും, സംശയം മാറാത്തതിനാൽ ഇരുവരും പരിക്കേറ്റവരെ കൊണ്ടുപോയ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പുറപ്പെട്ടു. കാഷ്വാലിറ്റിയിൽ മുഹമ്മദ് ഇബ്രാഹിമിന്റെയും, ട്രെയിൻ യാത്രയിൽ മിക്കപ്പോഴും ഒപ്പമുണ്ടാകാറുള്ള മുഹമ്മദ് അബ്ദുൾ ജബ്ബാറിന്റെയും ശരീരങ്ങൾ കണ്ടെങ്കിലും മനസ്സിലായില്ലെന്ന് അശ്വിത്ത് പറഞ്ഞു. ഫുട്ബാൾ കളിക്കാൻ പോയ ഏതോ യുവാക്കൾ അപകടത്തിൽപ്പെട്ടതെന്നാണ് ആശുപത്രിക്കാർ ധരിച്ചിരുന്നത്. തൊട്ടടുത്ത് കിടത്തിയിരുന്ന ശ്രീദീപിന്റെ മുടിവെട്ടിയിരുന്ന രീതി കണ്ടപ്പോൾ അശ്വിത്തിന് സംശയം തോന്നി. പെട്ടെന്ന് തന്നെ ആളെ തിരിച്ചറിഞ്ഞു. തൊട്ടുപിന്നാലെ ദേവനന്ദനെയും, ആയുഷിനെയും തിരിച്ചറിഞ്ഞതോടെയാണ് സ്വന്തം ക്യാമ്പസിലെ വിദ്യാർത്ഥികളാണ് മരണപ്പെട്ടതെന്ന് ആശുപത്രി അധികൃതരും വിദ്യാർത്ഥികളുമറിയുന്നത്.