അമ്പലപ്പുഴ: നാടിനെ ഞെട്ടിച്ച വാഹനാപകടത്തിൽ ഉണർന്നു പ്രവർത്തിച്ച് കേരള പൊലീസ്. തിങ്കളാഴ്ച രാത്രിയിൽ ദേശീയ പാതയിൽ കളർകോട് വാഹനാപകടം ഉണ്ടായത് മുതൽ ആലപ്പുഴ എസ്.പി മോഹനചന്ദ്രന്റെ നേതൃത്വത്തിൽ അഗ്നി രക്ഷാസേനക്കും നാട്ടുകാർക്കുമൊപ്പം പൊലീസ് ഊർജ്ജിതമായ രക്ഷാപ്രവർത്തനമാണ് നടത്തിയത്. പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാനും അവർക്ക്

പരിചരണം ഉറപ്പിക്കാനും സമീപ സ്റ്റേഷനുകളിലെ സി.ഐമാരുൾപ്പടെയുള്ള പൊലീസ് സംഘം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയിരുന്നു. മരിച്ചവരെ തിരിച്ചറിയാനും ബന്ധുക്കളെ തേടിപ്പിടിച്ച് വിവരം അറിയിക്കാനും സംഭവം അറിഞ്ഞെത്തിയസഹപാഠികളെയും നാട്ടുകാരെയും നിയന്ത്രിക്കാനും ചിട്ടയായ പ്രവർത്തനത്തിലൂടെ പൊലീസ് സേനയ്ക്കായി.

അതിവേഗം ഇൻക്വസ്റ്റ്

അമ്പലപ്പുഴ സി.ഐ പ്രതീഷ് കുമാർ, ആലപ്പുഴ സൗത്ത് സി.ഐ ശ്രീജിത്ത്, മണ്ണഞ്ചേരി സി.ഐ ടോൾസൺ എന്നിവരുടെ നേതൃത്വത്തിൽ ആലപ്പുഴ സൗത്ത് സി.ഐ വി.ആർ.ബിജു, സ്പെഷ്യൽ ബ്രാഞ്ച് എസ്.ഐ ജേക്കബ്, ആലപ്പുഴ നോർത്ത് എസ്.ഐ ദേവിക, മണ്ണഞ്ചേരി എസ്.ഐ അരുൺ എന്നിവർ പുലർച്ചെ 3.30 ഓടെ ഇൻക്വസ്റ്റ് തയ്യാറാക്കി. ഇതുകാരണം

രാവിലെ 9 മണിയോടെ പോസ്റ്റുമോർട്ടം നടപടികൾ ആരംഭിക്കാനായി.

മൂന്ന് ടേബിളുകളിലായി രാവിലെ തന്നെ ഫോറൻസിക് എച്ച്.ഒ.ഡി ഡോ.ഷാരിജയുടെ നേതൃത്വത്തിൽ ഡോ.ഹാരീഷ്, ഡോ.നിഥിൻ, ഡോ.ജൻ ഷീർ,ഡോ.മനോജ്, ഡോ.അജയൻ എന്നിവർ പോസ്റ്റുമോർട്ടം ആരംഭിച്ചു.

ആയുഷ് ഷാജി, ദേവാനന്ദൻ, ശ്രീദീപ് വത്സൻ എന്നിവരുടെ പോസ്റ്റുമോർട്ടമാണ് ആദ്യം പൂർത്തിയായത്. തുടർന്ന് മുഹമ്മദ് ഇബ്രാഹിം, മുഹമ്മദ് അബ്ദുൾ ജബ്ബാർ എന്നിവരുടെയും നടപടികൾ പൂർത്തിയാക്കി പൊതുദർശനത്തിനായി മെഡിക്കൽ കോളേജിലെത്തിച്ചു.

പൊതുദർശന സമയത്തും പരാതികൾക്കിട നൽകാത്ത വിധം പ്രവർത്തിച്ച പൊലീസ് സേന ഏവരുടെയും പ്രശംസ പിടിച്ചുപറ്റി.