1

ആലപ്പുഴ: ആയുഷ് വി​ടവാങ്ങി​യത് അച്ഛന്റെയും അമ്മയുടെയും സ്വപ്നം ബാക്കി​യാക്കി​. ഇൻഡോറിലെ പ്രമുഖ ആശുപത്രിയിൽ അക്കൗണ്ടന്റായ ഷാജിയുടേയും നഴ്സായ ഉഷയുടേയും രണ്ടാമത്തെ മകനായ ആയുഷ് രണ്ടാം തവണ നീറ്റ് പരീക്ഷയെഴുതി​യാണ് മെഡി​ക്കൽ പഠനത്തിന് ചേർന്നത്. രണ്ടാംഉദ്യമത്തി​ൽ 570 മാർക്കോടെയാണ് വണ്ടാനം മെഡി​ക്കൽ കോളേജി​ലെത്തിയത്.

ക്ലാസ് തുടങ്ങിയിട്ട് കുറച്ചുനാളുകളേ ആയുള്ളുവെങ്കിലും ക്യാമ്പസിൽ വലി​യൊരു സൗഹൃദവലയം ആയുഷി​നുണ്ടായി​രുന്നു. ഹോസ്റ്റലിൽ നിന്ന് പഠിക്കുന്ന ആയുഷ് അവധിയുള്ള ദിവസങ്ങളിൽ മാത്രമാണ് കാവാലത്തെ അച്ഛന്റെ കുടുംബ വീടായ നെല്ലൂർ വീട്ടിലെത്തുക. അവിടെ അച്ഛന്റെ അനിയൻ സുരേഷിന്റെ കുടുംബത്തോടൊപ്പം കഴിഞ്ഞശേഷം ക്ലാസുള്ള ദിവസം ആലപ്പുഴയിലേക്ക് മടങ്ങുന്നതായിരുന്നു പതിവ്.

കഴിഞ്ഞ ദിവസം രാവിലെ ഒരു വിഷയത്തിന് പരീക്ഷ ഉണ്ടായിരുന്നു. അതുകഴിഞ്ഞ് അവധിയായി​രുന്നതിനാലാണ് സുഹൃത്തുക്കളുമൊത്ത് സെക്കൻഡ് ഷോയ്ക്ക് പോകാൻ തീരുമാനിച്ചത്. ഇന്നലെ രാവിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകിയ മൃതദേഹം കോളേജിലെ പൊതുദർശനത്തിനുശേഷം ഉച്ചയോടെ കാവാലത്തെ കുടുംബവീട്ടിലെത്തിച്ചു. ഇന്ന് രാവിലെ 10ന് സംസ്കാരം നടത്തും. ജി​ഷയാണ് സഹോദരി​.

.