ആലപ്പുഴ: ശബരിമല മണ്ഡല മകരവിളക്ക് കാലത്ത് ആരോഗ്യ സേവനത്തിനായി സന്നിധാനം,അപ്പാച്ചിമേട്,നീലിമല,പമ്പ,നിലക്കൽ,എരുമേലി എന്നിവിടങ്ങളിലെ സർക്കാർ ആശുപത്രികളിൽ ആരോഗ്യ വകുപ്പ് വിവിധ വിഭാഗം ജീവനക്കാരെ നിയമിക്കാറുണ്ട്. നവംബർ 16 മുതൽ ജനുവരി 20 വരെയാണ് സേവനം. കഴിഞ്ഞ വർഷം വരെ ഡോക്ടർമാരെ 7 ദിവസം വീതവും മറ്റ് ജീവനക്കാരെ 15 ദിവസം വീതവുമുള്ള ഷിഫ്റ്റുകളായാണ് നിയമിച്ചത്. ഡോക്ടർമാരെ പോലെ മറ്റു ജീവനക്കാരുടെയും നിയമനം 7 ദിവസമായി കുറയ്ക്കണമെന്ന് ജീവനക്കാർ വർഷങ്ങളായി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇപ്പോൾ നഴ്സുമാരുടെ ഡ്യൂട്ടി ദിവസം മാത്രം 7 ദിവസങ്ങളായി കുറച്ചിരിക്കുകയാണ്. ഫാർമസിസ്റ്റ്, ലാബ് ടെക്നിഷ്യൻ,നഴ്സിംഗ് അസിസ്റ്റന്റ്, അറ്റൻഡർ എന്നിവരുടേത് ഇപ്പോഴും 15 ദിവസമായി നില നിർത്തിയത് വിവേചനപരമെന്ന് കേരള ഗവ. ഫാർമസിസ്റ്റ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എസ്.വിജയകുമാർ ആരോപിച്ചു. വിവേചനം അവസാനിപ്പിച്ച് ഫാർമസിസ്റ്റുകളുടെ ഡ്യൂട്ടി 7 ദിവസമായി കുറയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.