മാവേലിക്കര: ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിലെ മാലിന്യ സംസ്കരണം ചർച്ച ചെയ്യുന്നതിനായി യോഗം വിളിച്ചു.

ക്ഷേത്രത്തിൽ ഖര -ദ്രവ മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കുന്നതിന് ചെട്ടികുളങ്ങര ഗ്രാമ പഞ്ചായത്ത്‌ 20 ലക്ഷം രൂപ അടങ്കൽ തുകയുടെ പദ്ധതിവച്ചിട്ട് രണ്ട് വർഷമായി. 2025 മാർച്ചിന് മുമ്പ് ഈ പദ്ധതികൾ നടപ്പായില്ലെങ്കിൽ തുക നഷ്ടപ്പെടും. ഇതിൽ നാലര ലക്ഷം രൂപ ഗുണഭോക്തൃ വിഹിതമാണ്. ദേവസ്വം ബോർഡോ, ക്ഷേത്ര ഭരണ സമിതിയോ, സ്വകാര്യ വ്യക്തികളോ, സ്ഥാപനങ്ങളോ ഈ തുക അടച്ചാൽ മതിയാകും. കൂടാതെ എവിടെ ആണ് പ്ലാന്റ് സ്ഥാപിക്കേണ്ടത് എന്ന് ദേവസ്വം ബോർഡ്‌ ചൂണ്ടി കാണിക്കുകയും വേണം.

നിരവധി തവണ ദേവസ്വം ബോർഡിന് കത്ത് നൽകിയിട്ടും പദ്ധതി നടപ്പിലാക്കാത്ത സാഹചര്യത്തിൽ ആണ് ഗ്രാമ പഞ്ചായത്ത്‌ മുൻകൈ എടുത്ത് ശുചിത്വമിഷനെയും തിരുവിതാംകൂർ ദേവസ്വം ബോർഡിനെയും ശ്രീദേവി വിലാസം ഹിന്ദു മത കൺവെൻഷനെയും ഒന്നിച്ചു യോഗം വിളിച്ചത്.

വിഷയം ദേവസ്വം ബോർഡിന്റെ ശ്രദ്ധയിൽപ്പെടുത്താമെന്നും വേഗം തന്നെ നടപടി സ്വീകരിക്കാമെന്നും ബോർഡ് പ്രതിനിധികൾ യോഗത്തിൽ അറിയിച്ചു. വിഷയത്തിൽ ദേവസ്വം വകുപ്പ് മന്ത്രി, തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ പ്രസിഡന്റ്‌ എന്നിവർക്ക് കത്ത് നൽകാനും തീരുമാനിച്ചു. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി.സുധാകരക്കുറുപ്പ്, ശ്രീദേവി വിലാസം ഹിന്ദുമത കൺവെൻഷൻ പ്രസിഡന്റ്‌ ബി.ഹരികൃഷ്ണൻ, ശുചിത്വ മിഷൻ ജോയിന്റ് കോർഡിനേറ്റർ മുഹമ്മദ്‌ കുഞ്ഞു ആശാൻ, ആരോഗ്യ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്.ശ്രീജിത്ത്‌, ദേവസ്വം ബോർഡ്‌ പ്രതിനിധികളായ ലേഖ കെ.കുറുപ്പ്, അഭിലാഷ്, ടെക്നിക്കൽ കൺസൾറ്റന്റ് സന്ധ്യ സി.ആർ, ഗ്രാമ പഞ്ചായത്ത്‌ സെക്രട്ടറി കെ.ബി ബാലനാരായണൻ, അസിസ്റ്റന്റ് സെക്രട്ടറി സന്തോഷ്‌ കുമാർ.എം, അഞ്ചു.യു.പിള്ള, ശാലിനി.എൻ എന്നിവർ പങ്കെടുത്തു.