
ചേർത്തല: വാഹനങ്ങളുടെ നികുതി രസീത് വ്യാജമായി തയ്യാറാക്കി തട്ടിപ്പു നടത്തിയ യുവാവിനെ ചേർത്തല പൊലീസ് അറസ്റ്റുചെയ്തു. മാരാരിക്കുളം വടക്ക് പഞ്ചായത്ത് എസ്.എൻ.പുരം വേലംവെളി വിലാസ് (39)ആണ് പിടിയിലായത്.ചേർത്തല ജോയിന്റ് ആർ.ടി.ഒ യുടെ പരാതിയെ തുടർന്ന് നടത്തിയ പരിശോധനയിലാണ് അറസ്റ്റ്.
ഒരു വർഷം മുമ്പ് വരെ ചേർത്തല ജോയിന്റ് ആർ.ടി ഓഫീസിൽ താത്ക്കാലിക സഹായിയായി ഇയാൾ ജോലി നോക്കിയിരുന്നു. ഇവിടെ നിന്ന് മാറിയ ശേഷവും വാഹന ഉടമകളിൽ നിന്ന് പണം കൈപ്പറ്റി നികുതി അടച്ചു രസീത് നൽകിയിരുന്നു. ഇത്തരത്തിൽ ലഭിച്ച രസീതുമായി ഒരു വാഹന ഉടമ ആർ.ടി ഓഫീസിലെത്തിയപ്പോൾ നടത്തിയ പരിശോധനയിലാണ് വ്യാജമെന്ന് തെളിഞ്ഞത്. നിലവിൽ നാലുപരാതികളാണ് ഇയാൾക്കെതിരെയുള്ളത്.രണ്ടെണ്ണം പണം നൽകി പരിഹരിച്ചിരുന്നു.എന്നാൽ രണ്ടു കേസുകളിൽ പൊലീസ് കേസെടുത്ത് അറസ്റ്റുചെയ്യുകയായിരുന്നു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.