ആലപ്പുഴ: അഞ്ച് എം.ബി.ബി.എസ് വിദ്യാർത്ഥികളുടെ ജീവനെടുത്ത കാറപകടത്തിൽ വില്ലനായത് ഡ്രൈവറുടെ പരിചയക്കുറവിനൊപ്പം വാഹനത്തിൽ എയർബാഗിന്റെയും എ.ബി.എസിന്റെയും അഭാവവും. കാറോടിച്ചിരുന്ന ഗൗരീശങ്കറിന് ഡ്രൈവിംഗ് ലൈസൻസ് ലഭിച്ചത് അഞ്ച് മാസം മുമ്പാണ്.
ഡ്രൈവിംഗിൽ മതിയായ പരിചയമില്ലാത്ത ഗൗരീശങ്കർ ഏഴുപേർക്ക് കയറാവുന്ന വാഹനത്തിൽ 11 പേരെ കുത്തിത്തിരികിയുള്ള യാത്രയും വാഹനത്തിന്റെ കണ്ടീഷൻ മോശമായതും അപകടത്തിന്റെ തീവ്രത കൂട്ടി.
കാറിന് ആന്റിലോക്ക് ബ്റേക്കിംഗ് (എ.ബി.എസ്) സംവിധാനമില്ല. പുതിയ വാഹനങ്ങളിൽ ഇത് നിർബന്ധമാണ്. ആന്റിലോക്ക് സംവിധാനമില്ലാത്തതിനാൽ സഡൻ ബ്രേക്കിംഗിൽ വീൽലോക്കായി. മറ്റൊരുവാഹനത്തെ ഓവർടേക്ക് ചെയ്ത് വന്ന കാർ എതിരെ വന്ന വാഹനം ഏതെന്ന് കൃത്യമായി മനസ്സിലാകാതെ സഡൻ ബ്രേക്ക് ചെയ്ത് വലത്തേക്ക് വെട്ടിത്തിരിച്ചപ്പോൾ ബസിനു മുന്നിലെത്തിയതാകാമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. കാർ 90 ഡിഗ്രി തിരിഞ്ഞാണ് ബസിൽ ഇടിച്ചത്. ബസുമായി ഇടിച്ച ഭാഗത്തിന്റെ മറുവശത്തായതിനാലാണ് കാറിന്റെ ഡ്രൈവർ സുരക്ഷിതനായത്. കാറിൽ തിങ്ങി ഞെരുങ്ങി ഇരുന്നതും ഇടിയുടെ ആഘാതത്തിൽ ഗുരുതര പരിക്കേൽക്കാൻ കാരണമായിട്ടുണ്ട്. അപകടസമയത്തെ കനത്ത മഴയും രൂക്ഷത കൂട്ടി.ബ്രേക്കിന്റെശേഷിയും രാത്രിയിലെ ഹൈ ബീം ലൈറ്റിൽ ഗ്ലാസിലൂടെയുള്ള കാഴ്ചയുടെ വ്യക്തത കുറഞ്ഞതുമെല്ലാം അപകടത്തിലേക്ക് നയിച്ചു. ടയറിന്റെതേയ്മാനം കാരണം വേഗത്തിൽ വാഹനം തെന്നിമാറിയതും കനത്ത മഴയിൽ ഡ്രൈവർക്ക് റോഡ് കൃത്യമായി കാണാൻ കഴിയാതെപോയതും കാരണമായിട്ടുണ്ട്.
14 വഷത്തോളം പഴക്കമുള്ള വാഹനത്തിന്റെ ബോഡിക്ക് ശക്തി കുറയുമെന്നും
വൈപ്പർ ഉണ്ടെങ്കിലും ഗ്ലാസിൽ വെള്ളം തങ്ങി നിൽക്കുമെന്നും മോട്ടോർ വാഹന വകുപ്പ് അധികൃതർ പറയുന്നു. ചെറിയ ഇടിപോലും താങ്ങാനാകില്ല.
അപകടത്തിന്റെ 'ഹിറ്റ്പോയിന്റ്' കോ ഡ്രൈവറുടെ മുകളിലായി വരുന്ന ആർച്ച് ഭാഗത്താണെന്ന് ആർ.ടി.ഒ എ.കെ.ദിലു പറഞ്ഞു. അതിനാലാണ് കാറിന്റെ മുകൾഭാഗം അകത്തേക്ക് വളഞ്ഞത്. വാഹനത്തിലിരുന്നവർ ഇടിയുടെ ആഘാതത്തിൽ മുന്നിലേക്ക് തെറിച്ച് പരസ്പരം ഇടിച്ചതും വാഹനത്തിന്റെ ലോഹഭാഗങ്ങളിലുൾപ്പെടെ തലയും മറ്റും ശക്തമായി ഇടിച്ചതും തീവ്രത വർദ്ധിപ്പിച്ചതായും അദ്ദേഹം പറയുന്നു.