ആലപ്പുഴ: വൈകല്യത്തോടെ ജനിച്ച കുട്ടിയുടെ എം.ആർ.ഐ സ്‌കാനിംഗിന്റെയും ആൾട്രാസൗണ്ട് സ്‌കാനിംഗിന്റെയും റിപ്പോർട്ട് ലഭിക്കാൻ കുഞ്ഞിന്റെ പിതാവ് അനീഷ് മുഹമ്മദ് ഇന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടിന് പരാതി നൽകും. ആലപ്പുഴ ലജനത്ത് വാർഡ് നവറോജി പുരയിടത്തിൽ അനീഷ് മുഹമ്മദ് - സുറുമി ദമ്പതികളുടെ മൂന്നാമത്തെ കുഞ്ഞാണ് അപൂർവ വൈകല്യങ്ങളോടെ കഴിഞ്ഞ 8ന് ജനിച്ചത്. വിദഗ്ധ സംഘത്തിന്റെ നിർദ്ദേശാനുസരണം കഴിഞ്ഞ രണ്ടിനാണ് സ്കാനിംഗ് നടത്തിയതയ്. പരിശോധന ഫലം കുട്ടിയുടെ രക്ഷകർത്താക്കൾ ആവശ്യപ്പെട്ടെങ്കിലും സ്‌കാൻ റിപ്പോർട്ട് വിദഗ്ധ സംഘത്തിന് കൈമാറാനാണ് ആശുപത്രി അധികൃതരുടെ നീക്കം. ഇതിനെതിരെയാണ് അനീഷ് മുഹമ്മദ് സൂപ്രണ്ടിന് പരാതി നൽകാൻ തീരുമാനിച്ചത്. കുട്ടിക്ക് വൈകല്യം ഉള്ളതായി പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ടെന്നും നാലുവയസിന് ശേഷമേ തുടർന്നുള്ള കാര്യങ്ങളിൽ അഭിപ്രായം പറയാൻ കഴിയൂവെന്നും റേഡിയോളജിസ്റ്റ് ഡോ. മനോജ് പിതാവിനോട് പറഞ്ഞു. ഇന്നലെ കുട്ടിയുടെ ഹൃദയത്തിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ടു നടത്തിയ എക്കോ ടെസ്റ്റിൽ ഹൃദയത്തിന് സുഷിരം ഉള്ളതായി കണ്ടെത്തി.