ആലപ്പുഴ: കളർകോട് വാഹനാപകടത്തിൽ മരിച്ച മെഡിക്കൽ വിദ്യാർത്ഥി ആയുഷ് ഷാജിക്ക് (20) പിതാവിന്റെ കുട്ടനാട്ടിലെ കുടുംബ വീടായ കാവാലം നെല്ലൂരിൽ കണ്ണീരോടെ വിടയേകി. ഇന്നലെ രാവിലെ പതിനൊന്നുമണിയോടെ എസ്.എൻ.ഡി.പി യോഗം 945 -ാം നമ്പർ കാവാലം ശാഖ ഭാരവാഹികളായ അശോകൻ, മോഹനൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സംസ്കാര ചടങ്ങുകൾ നടന്നത്.
ആലപ്പുഴ മെഡിക്കൽ കോളേജിൽ നിന്ന് പോസ്റ്റുമോർട്ടത്തിനുശേഷം ചൊവ്വാഴ്ച കാവാലത്തെ വീട്ടിലെത്തിച്ച മൃതദേഹം, മെബൈൽ മോർച്ചറിയിൽ നിന്ന് സംസ്കാര ചടങ്ങുകൾക്കായി പുറത്തെടുത്തതോടെ വികാര നിർഭരമായ രംഗങ്ങൾക്കാണ് നാട് സാക്ഷിയായത്.
ഡോക്ടറാകാനാഗ്രഹിച്ച മകനെ പഠനത്തിന്റെ തുടക്കത്തിൽ തന്നെ വിധി കവർന്നതിൽ തളർന്നുപോയ മാതാപിതാക്കൾ, ആയുഷിനെ അവസാനമായി ഒരുനോക്ക് കാണാനെത്തിയ ഏവരുടെയും കണ്ണുനനയിച്ചു. അമ്മ ഉഷാഷാജിയെയും സഹോദരി നിഷയെയും ബന്ധുക്കൾ താങ്ങിയെടുത്താണ് ആയുഷിന്റെ സമീപമെത്തിച്ചത്.
നിശ്ചലമായ മകനെ പേരുചൊല്ലി വിളിച്ചുള്ള അമ്മയുടെയും സഹോദരിയുടെയും വിലാപത്തിൽ വീടും പരിസരവും ശോകമൂകമായി. പിതാവ് ഷാജിയുടെ സഹോദരൻ സുരേഷും കുടുംബവും താമസിക്കുന്ന വീട്ടിലായിരുന്നു സംസ്കാരം. ആയുഷിന്റെ മെഡിക്കൽ കോളേജിലെ സഹപാഠികളും അദ്ധ്യാപകരും ജീവനക്കാരും നാട്ടുകാരും ഉൾപ്പെടുന്ന വൻ ജന സഞ്ചയമാണ് സംസ്കാര ചടങ്ങുകളിൽ സംബന്ധിക്കാനെത്തിയത്.
കുട്ടനാട് എം.എൽ.എ തോമസ് .കെ തോമസ് ഉൾപ്പെടെ രാഷ്ട്രീയ, സാമൂഹ്യ രംഗങ്ങളിലെ പ്രമുഖരും ആയുഷിന് യാത്രാമൊഴി നൽകാനെത്തിയിരുന്നു.
ഇൻഡോറിൽ നഴ്സായ ഉഷയും ആശുപത്രിയിൽ അക്കൗണ്ടന്റായ ഷാജിയും മൂത്തമകൾ നിഷയും ഇന്നലെയാണ് ആയുഷിന്റെ മരണവിവരമറിഞ്ഞ് നാട്ടിലെത്തിയത്. പ്ളസ് ടുവരെ ഇൻഡോറിൽ പഠനം നടത്തിയ ആയുഷ് എൻട്രൻസ് പരീക്ഷാ പരിശീലനകാലത്തും എം.ബി.ബി.എസിന് ചേർന്ന ശേഷവും അച്ഛന്റെ കാവാലത്തെ കുടുംബവീട്ടിലായിരുന്നു കഴിഞ്ഞിരുന്നത്. അതേ വീട്ടിൽ തന്നെ അവന് അന്ത്യനിദ്രയ്ക്കുള്ള ഇടമൊരുക്കേണ്ടിവന്നതിന്റെ വിട്ടൊഴിയാത്ത ആഘാതത്തിലാണ് കുടുംബാംഗങ്ങൾ.