
ആലപ്പുഴ: അഞ്ച് മെഡിക്കൽ വിദ്യാർത്ഥികളുടെ ജീവനെടുത്തതോടെ ദേശീയ പാതയിലെ കളർകോട് ജംഗ്ഷൻ നാടിനെ നടുക്കുന്ന ബ്ളാക്ക് സ്പോട്ടായി.
ദേശീയപാതയിൽ ബൈപ്പാസ് ആരംഭിക്കുന്ന കളർകോട് ജംഗ്ഷനിൽ നിന്ന് അരകിലോമീറ്റർ അകലെ ജില്ലയിലേറ്റവും തിരക്കേറിയ റോഡുകളിലൊന്നായ ചങ്ങനാശേരി റോഡിന്റെ തുടക്കമായ ചങ്ങനാശേരി ജംഗ്ഷനിലായിരുന്നു കാറും ഫാസ്റ്റ് പാസഞ്ചർ ബസും കൂട്ടിയിടിച്ച് അഞ്ചു വിദ്യാർത്ഥികളുടെ പ്രാണൻ പൊലിഞ്ഞത്. പരിക്കേറ്റ ആറുപേർ ഇപ്പോഴും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കനത്ത മഴയും കാറിന്റെ കാലപ്പഴക്കവും കൂടാതെ റോഡിന്റെ കിടപ്പും വെളിച്ചക്കുറവും ഉൾപ്പടെയുള്ളവയാണ് മോട്ടോർ വാഹന വകുപ്പ്, ഗതാഗത കമ്മിഷണർക്കും ട്രാഫിക് വിഭാഗം എസ്.പിക്കും ജില്ലാ കളക്ടർക്കും നൽകിയ റിപ്പോർട്ടുകളിൽ അപകടകാരണങ്ങളായി ചൂണ്ടിക്കാട്ടിയിട്ടുള്ളത്.
ചെറുതും വലുതുമായ അപകടങ്ങൾ പതിവായതോടെയാണ് ചങ്ങനാശേരി ജംഗ്ഷനിൽ സിഗ്നൽ സ്ഥാപിച്ചത്. അപകട സമയത്ത് ഇവിടെ സിഗ്നൽ പ്രവർത്തിച്ചിരുന്നില്ല. എസ്.ഡി കോളേജ് ഭാഗത്തുനിന്ന് ആലപ്പുഴയ്ക്കെത്തിയ കാർ കോളേജ് ജംഗ്ഷൻ പിന്നിട്ടശേഷം മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്യും വിധം വേഗത്തിലാകാൻ കാരണം ഇതാണ്. സിഗ്നൽ പ്രവർത്തിച്ചിരുന്നെങ്കിൽ അവിടം പിന്നിട്ട് 70 മീറ്റർ തികയും മുമ്പേ അപകടമുണ്ടാകില്ലായിരുന്നു.
ദേശീയപാത വിഭാഗത്തിന്റെ ഡിവിഷൻ ഓഫീസുൾപ്പെടെ ആലപ്പുഴയിൽ നിന്ന് മാറ്റിയതോടെ പ്രദേശത്തെ തിരിഞ്ഞുനോക്കാൻ ആളില്ലാതായി. അഞ്ച് ജീവനെടുത്ത അപകടം നടന്നിട്ട് ദിവസങ്ങളായിട്ടും ദേശീയപാത വിഭാഗം സ്ഥലം പരിശോധിക്കാനോ, റോഡ് സുരക്ഷിതമാക്കാനോ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
രാത്രിയായാൽ സിഗ്നൽ തകരാർ
1.ആലപ്പുഴയിൽ നിന്ന് ചങ്ങനാശേരിയിലേക്കും തിരിച്ചും വാഹനങ്ങൾ എത്തിച്ചേരുന്ന ചങ്ങനാശേരി ജംഗ്ഷനിൽ ഗതാഗത നിയന്ത്രണത്തിന് സിഗ്നൽ സംവിധാനമുണ്ടെങ്കിലും രാത്രിയായാൽ മഞ്ഞ ലൈറ്റൊഴികെയുള്ളവ നിശ്ചലമാകും
2.ദേശീയ പാതയുടെ ഭാഗമായ ഇവിടെ വീതി നന്നെ കുറവാണ്. രാത്രിയിൽ വെളിച്ചമില്ലാത്തതിന് പുറമേ റോഡരികിലെ കൂറ്റൻ മരങ്ങളുടെ ചില്ലകളുടെ നിഴലുകൾ കാഴ്ചയെ ഇരുട്ടാക്കുന്നുണ്ട്
3.റോഡിന്റെ വശങ്ങളിൽ കെട്ടിടങ്ങൾ പൊളിച്ചതിന്റെ വേസ്റ്റും മറ്റ് സാധനങ്ങളും കൂട്ടിയിട്ടിരിക്കുന്നതും കൈയേറ്റം കാരണം കാൽനടക്കാരും സൈക്കിൾ യാത്രക്കാരുമെല്ലാം ദേശീയപാതയിലിറങ്ങിയാണ് സഞ്ചരിക്കുന്നത്