ആലപ്പുഴ: അഞ്ച് വയസ്സിന് താഴെയുള്ള കുഞ്ഞുങ്ങൾ. കരയാനല്ലാതെ പരാതി പറയാൻ പോലുമറിയാത്തവർ. ഇത് ചൂഷണം ചെയ്താണ് തിരുവനന്തപുരം ശിശുക്ഷേമ സമിതിയിൽ രണ്ടരവയസ്സുള്ള കുഞ്ഞിനെ ആയ ഉപദ്രവിച്ചത്. സംഭവം വിവാദമായതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ശിശു സംരക്ഷണ കേന്ദ്രങ്ങളിൽ ജാഗ്രതയും നിരീക്ഷണവും ശക്തമാക്കി. സി.സി.ടി.വി ദൃശ്യങ്ങളിൽ ജീവനക്കാരുടെ ഓരോ നീക്കവും വ്യക്തമാണ്. എന്നിരുന്നാലും, ദേഹപരിശോധനകളടക്കം കൂടുതൽ ‌ജാഗ്രതയോടെ നടത്തിത്തുടങ്ങിയിട്ടുണ്ട്. ആലപ്പുഴയിലെ ശിശുസംരക്ഷണ കേന്ദ്രത്തിൽ ആകെ 15 കുട്ടികളാണുള്ളത്. നാലുപേർ നവജാത ശിശുക്കളാണ്. മൂന്ന് പേർ നാല് വയസ്സ് പിന്നിട്ടവരും, രണ്ട് പേർ ഒന്നരവയസ്സുകാരും, അഞ്ച് പേർ അഞ്ച് വയസ്സുകാരുമാണ്. കൂടാതെ ഓട്ടിസം ബാധിതനായ അഞ്ചുവയസ്സുകാരനുമുണ്ട്. അമ്മത്തൊട്ടിൽ വഴി ലഭിച്ചവരും, ഉപേക്ഷിക്കപ്പെട്ടവരും, മോശം സാഹചര്യത്തിൽ നിന്ന് രക്ഷിക്കപ്പെട്ടവരുമുണ്ട്. ഇവരുടെ സംരക്ഷണത്തിനായി രണ്ട് ഷിഫ്റ്റുകളിലായി പത്ത് ആയമാരാണുള്ളത്. നാല് കുട്ടികളുടെ ദത്തെടുക്കൽ നടപടികൾ നടക്കുകയാണ്.

പൂർണ്ണ ഉത്തരവാദിത്തം ആയയ്ക്ക്

 ഓരോ ദിവസവും ഓരോ ആയമാർ നോക്കേണ്ട കുട്ടികളുടെ ക‌ൃത്യമായ പട്ടികയുണ്ട്

രാവിലെ 8 മുതൽ വൈകിട്ട് 5 മണിവരെയാണ് ആയമാരുടെ ഡേ ഷിഫ്റ്റ്

 ബാക്കി സമയം നൈറ്റ് ഡ്യൂട്ടിക്കാരെത്തും

നവജാത ശിശുക്കൾ, മുട്ടിലിഴയുന്നവർ, നഴ്സറി പ്രായക്കാർ എന്നിങ്ങനെ തരംതിരിച്ചാണ് ഡ്യൂട്ടി നിശ്ചയിക്കുന്നത്

ജോലി സമയത്ത് കുട്ടിയുടെ പൂർണ്ണ ഉത്തരവാദിത്തം ആയക്കാണ്

ഡ്യൂട്ടി മാറുമ്പോൾ അന്നേ ദിവസത്തെ കുട്ടിയുടെ സകല കാര്യങ്ങളും ബുക്കിൽ രേഖപ്പെടുത്തിയിരിക്കണം

 ഇത് പരിശോധിച്ച് ബോദ്ധ്യപ്പെട്ട ശേഷമാണ് അടുത്ത ഷിഫ്റ്റിലുള്ളവർ ജോലി ഏറ്റെടുക്കേണ്ടത്.

നിലവിൽ പരാതികളില്ല

ആലപ്പുഴയിലെ ശിശുസംരക്ഷണ കേന്ദ്രത്തിന്റെ പ്രവർത്തനങ്ങളെ കുറിച്ച് നിലവിൽ പരാതികളൊന്നുമില്ല. വ‌ർഷങ്ങൾക്ക് മുമ്പ് തിരുവനന്തപുരം സ്വദേശിയായ ആയ കുട്ടിയെ അടിച്ചെന്ന പരാതി ഉയർന്നതിനെ തുടർന്ന് അവർക്കെതിരെ നടപടിയെടുത്ത് ഒഴിവാക്കിയിരുന്നതായി ശിശുക്ഷേമസമിതി ജില്ലാ ഭാരവാഹി നസീർ പുന്നയ്ക്കൽ പറഞ്ഞു. പിന്നീട് അനിഷ്ട സംഭവങ്ങളൊന്നുമുണ്ടായിട്ടില്ല. മിക്ക ദിവസങ്ങളിലും ദത്തെടുക്കൽ നടപടികളുടെ ഭാഗമായി നിരവധി ദമ്പതികൾ എത്തുന്നുണ്ട്.

ശിശുക്ഷേമ സമിതിയിൽ

10 കെയർ ടേക്കർ

2 നഴ്സ്

2 സെക്യൂരിറ്റി

1 സോഷ്യൽ വർക്കർ

1 മാനേജർ

ആദ്യം ബൈപ്പാസ്, പിന്നെ അമ്മത്തൊട്ടിൽ

ശിശുക്ഷേമ സമിതിയുടെ സമീപത്ത് അമ്മത്തൊട്ടിൽ സ്ഥാപിക്കുന്നതിന് 11 ലക്ഷം രൂപയുടെ പദ്ധതി തയാറാണെങ്കിലും, ബൈപ്പാസിന്റെ പണി പൂർത്തിയാകാതെ തൊട്ടിൽ സ്ഥാപിക്കാനാവില്ല. കടപ്പുറം ആശുപത്രിയുടെ മുന്നിലെ അമ്മത്തൊട്ടിൽ ഹോമിയോ ആശുപത്രിക്ക് സമീപം സ്ഥാപിക്കാനാണ് ആലോചന. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ അമ്മത്തൊട്ടിൽ സ്ഥാപിക്കുന്നതിന് സ്ഥലം കണ്ടെത്തിയിട്ടുണ്ട്.

കുട്ടികളുടെ സംരക്ഷണം തൃപ്തികരമാണ്. ജീവനക്കാരുടെ പെരുമാറ്റമടക്കം കർശനമായി നിരീക്ഷിക്കുന്നുണ്ട്

- മിഥുൻഷാ, മാനേജർ, ആലപ്പുഴ ശിശുസംരക്ഷണ സമിതി