മാന്നാർ : അനശ്വര കഥകളി നടൻ ചെന്നിത്തല ചെല്ലപ്പൻപിള്ളയുടെ 26-ാമത് വാർഷിക അനുസ്‌മരണം 8ന് ചെന്നിത്തല മഹാത്മാ ഗേൾസ് ഹൈസ്‌കൂൾ ആഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വർത്താ സമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10ന് പുഷ്‌പാർച്ചനക്ക് ശേഷം വിദ്യാർഥികൾക്ക് ചിത്രരചനാ മത്സരം, ഉപന്യാസ മത്സരം, കഥകളി ക്വിസ്സ് എന്നിവയും ഉച്ചക്ക് 2ന് കഥകളിക്കോപ്പ് പ്രദർശനം, 3.30ന് രാംകുമാറും സംഘവും കലാസമിതി വിദ്യാർഥികളോടൊപ്പം ചേർന്ന് നടത്തുന്ന പഞ്ചാരി മേളം, വൈകിട്ട് 4ന് ചെന്നിത്തല മഹാത്മാ പബ്ലിക് സ്‌കൂളിലെ കുട്ടികൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ എന്നിവയും നടക്കും.

തുടർന്ന് 4.30ന് അനുസ്‌മരണ സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. കലാസമിതി പ്രസിഡന്റ് ഗോപിമോഹനൻ നായർ അദ്ധ്യക്ഷത വഹിക്കുന്ന അനുസ്‌മരണ സമ്മേളനത്തിൽ കഥകളി നടൻ ചാത്തന്നൂർ നാരായണ പിള്ളക്ക് 23-ാമത് ചെന്നിത്തല ചെല്ലപ്പൻപിള്ള പുരസ്ക്കാരം സമ്മാനിക്കും. ചടങ്ങിൽ ചെന്നിത്തല ചെല്ലപ്പൻ പിള്ളയെപ്പറ്റി സുഹൃത്തുക്കൾ പങ്കുവെച്ചിട്ടുള്ള കുറിപ്പുകൾ ചേർത്ത് ഒരുക്കിയിട്ടുള്ള 'സ്‌മൃതി പത്മം' സ്‌മരണിക കൊടിക്കുന്നിൽ സുരേഷ് എം.പി ഗോപൻ ചെന്നിത്തലക്കു നൽകി പ്രകാശനം നിർവ്വഹിക്കും. തുടർന്ന് കഥകളി ഗുരുവിൻ്റെ ജൻമശതാബ്ദി പുരസ്ക്കാരം അദ്ദേഹത്തിന്റെ ശിഷ്യൻ അഡ്വ.മോഴൂർ രാജേന്ദ്ര ഗോപിനാഥിനു സമ്മാനിക്കും. സംഗീത സംവിധാന രംഗത്ത് പുത്തൻ ഉണർവ്വമായി എത്തിയിട്ടുള്ള സജിത്ത്, അക്ഷര ശ്ലോക സദസ്സുകളിലെ നിറ സാന്നിദ്ധ്യവുമായ സുഭദ്രക്കുട്ടിയമ്മ. ഉഷാ അനാമിക എന്നിവരെയും അദ്ദേഹം ആദരിക്കുമെന്ന് കലാസമിതി പ്രസിഡന്റ്, ഗോപിമോഹനൻ നായർ, സെക്രട്ടറി വിശ്വനാഥൻ നായർ, ജോയിന്റ് സെക്രട്ടറി ജി. ഹരികുമാർ എന്നിവർ അറിയിച്ചു.