
മുഹമ്മ: റവന്യൂ ജില്ലാ കലോത്സവത്തിൽ മത്സരിച്ച എല്ലാ ഇനത്തിലും എ ഗ്രേഡ് ഒാടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി പവിത്ര മിന്നും താരകമായി. ഭരതനാട്യം, കുച്ചുപ്പുടി, മോഹിനിയാട്ടം എന്നിവയിലെല്ലാം നമ്പർ വൺ ആകാൻ ഈ കൊച്ചു പ്രതിഭയ്ക്ക് സാധിച്ചു. മണ്ണഞ്ചേരി തൃക്കോവിൽ മഹാദേവ ക്ഷേത്രത്തിന് സമീപം പടിഞ്ഞാറെ മഠത്തിൽ ശ്രീനാഥ് -പാർവതി ദമ്പതികളുടെ മൂത്ത മകളാണ് പവിത്ര എസ്. നാഥ്. മണ്ണഞ്ചേരി ഗവ.ഹൈസ്കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥിനിയായ പവിത്ര കുഞ്ഞുന്നാൾ മുതലേ നൃത്തം അഭ്യസിച്ച് തുടങ്ങി. തുടർന്ന് മണ്ണഞ്ചേരി തൃക്കോവിൽ ക്ഷേത്രം, കാവുങ്കൽ പൂത്തിലിക്കാവ് ദേവീക്ഷേത്രം, കണിച്ചുകുളങ്ങര ദേവീക്ഷേത്രം എന്നിവിടങ്ങളിലെ ഉത്സവ സന്ധ്യകളെ നൃത്തചുവടുകൾ കൊണ്ട് ഈ മിടുക്കി നിരവധി തവണ ധന്യമാക്കി. ദേവി ചന്ദനയുടെ കീഴിൽ പരിശീലനം തുടങ്ങിയ പവിത്ര, പിന്നീട് ഹരിപ്പാട് നൃത്ത വിദ്യാലയത്തിലേക്ക് ചുവടുമാറി.
കലോത്സവത്തിൽ തിളക്കമാർന്ന വിജയം കൈവരിച്ച പവിത്രയെ പ്രധാനാദ്ധ്യാപിക കെ.ഹഫ്സ, എസ്.എം.സി ചെയർമാൻ മുസ്തഫ, പി.ടി.എ. പ്രസിഡന്റ് സി.എച്ച്. റഷീദ് എന്നിവർ അനുമോദിച്ചു. ക്ലാസ് അദ്ധ്യാപകരായിരുന്ന ബിൻസിയുടെയും ഷിബിയുടെയും അകമഴിഞ്ഞ പിന്തുണയും സഹായവുമാണ് പവിത്രയെ വിജയത്തിലെത്തിച്ചതെന്ന് ഹെഡ്മിസ്ട്രസ് പറഞ്ഞു.
കലാരംഗത്ത് ചെലവേറി
പഠനത്തിനൊപ്പം നൃത്തത്തിലുമുള്ള അതീവ താത്പര്യം കൊണ്ടുമാത്രമാണ് പ്രോത്സാഹിപ്പിച്ചുപോരുന്നതെന്ന് പവിത്രയുടെ മാതാപിതാക്കൾ പറയുന്നു. അത്രത്തോളം ചെലവേറിയതായി കലാരംഗം മാറിയതായും അവർക്ക് അഭിപ്രായമുണ്ട്. കഴിഞ്ഞ സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കാൻ ഒന്നേകാൽ ലക്ഷത്തോളം രൂപ ചെലവായതായി പവിത്രയിടെ പിതാവ് ശ്രീനാഥ് പറയുന്നു. നൃത്തത്തിന് ആവശ്യമായ ആടയാഭരണങ്ങൾ വാടകയ്ക്ക് എത്തിട്ടു പോലും ഇത്രയും വലിയ തുക വേണ്ടിവന്നു. എന്നാൽ, സാമ്പത്തിക പരാധീനതകൾക്കിടയിലും മകളുടെ കലാപരമായ ഉയർച്ചയ്ക്ക് വേണ്ടി എന്ത് ത്യാഗത്തിനും തയ്യാറെന്ന് സന്തോഷത്തോടെ പിതാവ് പറയുന്നു.