തുറവൂർ: ദേശീയപാതയിലെ പുത്തൻചന്തയിൽ അടിപ്പാത നിർമ്മിക്കണമെന്നാവശ്യം ശക്തമാകുന്നു. ആറുവരി ദേശീയപാത പൂർത്തിയാകുമ്പോൾ ജനസാന്ദ്രതയേറിയ പുത്തൻചന്ത ഉൾപ്പെടെ സമീപ പ്രദേശങ്ങളിലുള്ള ജനങ്ങൾ യാത്രാദുരിതത്താൽ വലയുമെന്നാണ് ആശങ്ക. പുത്തൻ ചന്തയിൽ ദേശീയപാതയ്ക്ക് ഇരുവശത്തുമായി തുറവൂർ ഗ്രാമ പഞ്ചായത്ത് ഓഫീസ്, കൃഷിഭവൻ, തുറവൂർ തെക്ക് പ്രൈമറി ഹെൽത്ത് സെന്റർ, തുറവൂർ പഞ്ചായത്ത് എ.ഇ ഓഫീസ്, ചിങ്ങംവെളി ദേവീക്ഷേത്രം,എസ്.എൻ.ഡി. പി യോഗം 765 -ാം നമ്പർ ശാഖ ഗുരുദേവ ക്ഷേത്രം, പട്ടത്താളി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പ്, സെൻ്റ് ജോസഫ് ഐ.ടി.ഐ, പഞ്ചായത്ത് എൽ.പി സ്കൂൾ, കനറാ ബാങ്ക്, ഇൻഫന്റ് ജീസസ് ചാപ്പൽ, പുത്തൻകാവ് റോഡ് ചുടുകാട് ക്ഷേത്രം , സർക്കാർ മണ്ണ് പരിശോധനാ കേന്ദ്രം, രണ്ട് റേഷൻ കടകൾ, പാൽ സൊസൈറ്റി പുത്തൻകാവ് ദേവീക്ഷേത്രം മനക്കോടം സെന്റ് ജോർജ്ജ് ഫെറോന ചർച്ച് കൂടാതെ മറ്റ് കച്ചവട വ്യവസായ സ്ഥാപനങ്ങൾ എന്നിവയെല്ലാം സ്ഥിതി ചെയ്യുന്നുണ്ട്. ഇവിടങ്ങളിൽ എത്തിച്ചേരേണ്ടവർ ഏകദേശം മൂന്നു കിലോമീറ്റർ ചുറ്റിക്കറങ്ങി മാത്രമേ എത്തിച്ചേരാൻ കഴിയൂ. പുത്തൻചന്ത കേന്ദ്രീകരിച്ച് മിനിമം മൂന്ന് മീറ്റർ വീതിയിലും ഉയരത്തിലും ഒരു അടിപ്പാത നിർമ്മിച്ചാൽ ഇതിനൊരു പരിഹാരമാകും. ഇത് സംബന്ധിച്ച് ഇന്ന് വൈകിട്ട് 4 ന് തുറവൂർ പഞ്ചായത്ത് ഓഫീസിന് സമീപത്തെ എസ്.സി.ടി ആഡിറ്റോറിയത്തിൽ ജനജാഗ്രത സദസ് നടക്കും.