ചാരുംമൂട് : താമരക്കുളം ഗ്രാമ പഞ്ചായത്തിൽ 6 ന് ആരംഭിക്കുന്ന കേരളോത്സവ മത്സര പരിപാടികളിൽ നിന്ന് വിട്ടുനിൽക്കുമെന്ന് യുവകേരള ക്ലബ്ബ് ഭാരവാഹികൾ അറിയിച്ചു. പഞ്ചായത്ത് തല കേരളോത്സവത്തിലെ സ്ഥിരം ജേതാക്കളാണ് യുവകേരള ക്ലബ്ബ്. എന്നാൽ കഴിഞ്ഞ വർഷം നടന്ന കേരളോത്സവത്തിൽ മത്സരഫലം അട്ടിമറിച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റും കൂട്ടാളികളും നീതിനിഷേധം കാട്ടിയതു വഴി ക്ലബ്ബിന് അർഹമായ വിജയം ലഭിച്ചില്ലെന്നും, പരാതിയിൽ നടപടിയെടുത്തില്ലെന്നും ഭാരവാഹികൾ പ്രസ്താവനയിൽ പറഞ്ഞു. പൊതുയോഗത്തിൽ രക്ഷാധികാരി കെ.എച്ച്.അമീർഖാൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി നൗഷാദ്, ട്രഷറർ എസ്.നവാസ്,ജോയിൻ്റ് സെക്രട്ടറിമാരായ രാജേന്ദ്രൻ,ഷെറിൻ, വൈസ്പ്രസിഡൻ്റ് ഷെമീർ ഉപദേശക സമിതിയംഗങ്ങളായ കെ.ശിവരാജൻ , എസ്.ജമാൽ ,സി.കെ. ബാലൻ, ഷാജഹാൻ, റെജി, ഷാനവാസ് തുടങ്ങിയവർ സംസാരിച്ചു.