ആലപ്പുഴ: തണ്ണീർമുക്കം ബണ്ട് റഗുലേറ്റ് ചെയ്യുക, കേന്ദ്രം നാല് വർഷമായി വർദ്ധിപ്പിച്ച നെൽവിലയും സംസ്ഥാന വിഹിതവുമടക്കം കിലോയ്ക്ക് 32 രുപ 52 പൈസ വില നൽകുക, രണ്ടാം കൃഷിയുടെ നെല്ല് സംഭരണ വില ഉടൻ ലഭ്യമാക്കുക, വൃശ്ചിക വേലിയേറ്റത്തിൽ മടവീണ പാടശേഖരങ്ങൾക്ക് അടിയന്തരമായി നഷ്ടപരിഹാരം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നെൽകർഷക സംരക്ഷണസമിതി സംസ്ഥാന ജനറൽ സെക്രട്ടറി സോണിച്ചൻ പുളിങ്കുന്നും വൈസ് പ്രസിഡന്റ് ലാലിച്ചൻ പള്ളിവാതുക്കലും കഴിഞ്ഞ 9 ദിവസമായി ആലപ്പുഴ കളക്ടറേറ്റ് പടിക്കൽ നടത്തിവരുന്ന അനിശ്ചിതകാല നിരാഹാര സമരം അവസാനിപ്പിച്ചു.

മന്ത്രിമാരായ ജി.ആർ.അനിൽ, പി.പ്രസാദ്, കുട്ടനാട് എം.എൽ.എ തോമസ് കെ.തോമസ്, ജില്ലാ കളക്ടർ, പാഡി മാനേജർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ ആലപ്പുഴ കളക്ടറേറ്റിൽ നെൽകർഷക സംരക്ഷണ സമിതി നേതാക്കളുമായി നടന്ന ചർച്ചയെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്. സമാപന സമ്മേളനം എൻ.എസ്.എസ് ഡയറക്ടർ ബോർഡ് മെമ്പറുംകുട്ടനാട് താലൂക്ക് യൂണിയൻ പ്രസിഡന്റുമായ ഡോ.നാരായണപിള്ള ഉദ്ഘാടനം ചെയ്തു.എൻ.കെ.എസ്.എസ്. സംസ്ഥാന പ്രസിഡന്റ് റജീന അഷറഫ് അദ്ധ്യക്ഷത വഹിച്ചു.