dd

ആലപ്പുഴ: അഞ്ച് മെഡിക്കൽ വിദ്യാർത്ഥികളുടെ ദാരുണാന്ത്യമുണ്ടായ ദേശീയപാതയിലെ കളർകോട് ജംഗ്ഷൻ നാടിനെ നടുക്കുന്ന ബ്ളാക്ക് സ്‌പോട്ടാണ്. ദേശീയപാതയിൽ ബൈപ്പാസ് ആരംഭിക്കുന്ന കളർകോട് ജംഗ്ഷനിൽ നിന്ന് അരക്കിലോമീറ്റർ അകലെ തിരക്കേറിയ റോഡുകളിലൊന്നായ ചങ്ങനാശേരി റോഡിന്റെ തുടക്കമായ ചങ്ങനാശേരി ജംഗ്ഷനിലായിരുന്നു അപകടം.

​ഗതാഗത കമ്മിഷണർക്കും ട്രാഫിക് വിഭാഗം എസ്.പിക്കും ജില്ലാ കളക്ടർക്കും മോട്ടോർ വാഹനവകുപ്പ് നൽകിയ റിപ്പോർട്ടുകളിൽ കനത്തമഴയും കാറിന്റെ കാലപ്പഴക്കവും റോഡിന്റെ കിടപ്പും വെളിച്ചക്കുറവും ഉൾപ്പടെയുള്ളവയാണ് അപകട കാരണങ്ങളായി ചൂണ്ടിക്കാട്ടിയിട്ടുള്ളത്. ദേശീയപാതയുടെ ഭാഗമായ ഇവിടെ വീതി വളരെ കുറവാണ്. രാത്രിയിൽ വെളിച്ചമില്ലാത്തതിന് പുറമേ റോഡരികിലെ കൂറ്റൻ മരങ്ങളുടെ ചില്ലകളുടെ നിഴലുകളും കാഴ്ചയെ ഇരുട്ടാക്കുന്നുണ്ട്. ആലപ്പുഴയിൽ നിന്ന് ചങ്ങനാശേരിയിലേക്കും തിരിച്ചും വാഹനങ്ങളെത്തിച്ചേരുന്ന ഇവിടെ ഗതാഗത നിയന്ത്രണത്തിന് സിഗ്നൽ സംവിധാനമുണ്ടെങ്കിലും രാത്രിയായാൽ മഞ്ഞ ലൈറ്റൊഴികെയുള്ളവ നിശ്ചലമാകും.

അപകട സമയത്ത് ഇവിടത്തെ സിഗ്നൽ പ്രവർത്തിച്ചിരുന്നില്ല. എസ്.ഡി കോളേജ് ഭാഗത്തുനിന്ന് ആലപ്പുഴയ്ക്കെത്തിയ കാർ കോളേജ് ജംഗ്ഷൻ പിന്നിട്ടശേഷം മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്യുംവിധം വേഗത്തിലാകാൻ കാരണമിതാണ്. സിഗ്നൽ പ്രവർ‌ത്തിച്ചിരുന്നെങ്കിൽ അവിടം പിന്നിട്ട് 70 മീറ്റ‌ർ തികയും മുമ്പേ അപകടമുണ്ടാകില്ലായിരുന്നു. ചെറുതും വലുതുമായ അപകടങ്ങൾ പതിവായതോടെയാണ് ഇവിടെ സിഗ്നൽ സ്ഥാപിച്ചത്. ദേശീയപാത വിഭാഗത്തിന്റെ ഡിവിഷൻ ഓഫീസ് ഉൾപ്പെടെ ആലപ്പുഴയിൽ നിന്ന് മാറ്റിയതോടെ പ്രദേശത്തെ ആരും ശ്രദ്ധിക്കാതായി. അപകടമുണ്ടായി ദിവസങ്ങളായിട്ടും ദേശീയപാത വിഭാഗം സ്ഥലം പരിശോധിക്കാനോ റോഡ് സുരക്ഷിതമാക്കാനോ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.