ചേർത്തല :തീരദേശ പാതയിൽ തൈക്കൽഅന്ധകാരനഴി റോഡ് പുനർ നിർമ്മാണത്തിന് മൂന്നുകോടി അനുവദിച്ചായി മന്ത്രി പി.പ്രസാദ് അറിയിച്ചു. റോഡിന്റെ തകർച്ച ചൂണ്ടിക്കാട്ടി സെപ്തംബറിൽ പൊതുമരാമത്ത് മന്ത്രിക്കു പി.പ്രസാദ് നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ ബുധനാഴ്ച തിരുവനന്തപുരത്ത് ഇരുമന്ത്രിമാരുടെയും സാന്നിദ്ധ്യത്തിൽ നടന്ന യോഗത്തിലാണ് തീരുമാനം. മണ്ഡലത്തിൽ അടിയന്തരമായി പുനരുദ്ധിക്കേണ്ട മുഹമ്മ–തണ്ണീർമുക്കം കായൽത്തീരം റോഡ്, മരുത്തോർവട്ടം - കൂറ്റുവേലി റോഡ് രണ്ടാം ഘട്ടം,പട്ടണക്കാട് മൂർത്തിങ്കൽ റോഡ് എന്നിവ പരിശോധിക്കുന്നതിനായി പൊതുമരാമത്ത് സെക്രട്ടറിയെ യോഗം ചുമലപ്പെടുത്തി. ചേർത്തല മുട്ടം ബസാർ - വയലാർ എട്ടുപുരക്കൽ റോഡിന് നിലവിൽ ലഭിച്ച ഒന്നരക്കോടി ഉപയോഗിച്ചുളള പുനർനിർമ്മാണത്തിനും അനുമതിയായി. ഇതിനൊപ്പം മിനി സിവിൽ സ്റ്റേഷൻ അനക്സ് ,അതിഥിമന്ദിരം,അർത്തുങ്കൽ ഫെനിഷ്യോ പിൽഗ്രിം അമിനിറ്റി സെന്റർ,തിരുവിഴ പിൽഗ്രിം അമിനിറ്റി സെന്റർ എന്നീ നിർമ്മാണങ്ങൾ വേഗത്തിൽ ആരംഭിക്കുന്നതിന് ആവശ്യമായ ഇടപെടൽ പൊതുമരാമത്ത് മന്ത്രി ഉറപ്പുനൽകിയതായും മന്ത്രി പി.പ്രസാദ് അറിയിച്ചു.