ആലപ്പുഴ: കടപ്പുറം - റെയിൽവേ സ്റ്റേഷൻ റോഡിലെ ബസ് സ്റ്റോപ്പിൽ ബസ് കാത്തു നിന്ന യാത്രക്കാരിക്കു നേരെ ഒരേസമയം കുരച്ചുകൊണ്ട് പാഞ്ഞടുത്തത് നാല് നായ്ക്കൾ. ആ സമയം ബൈക്ക് യാത്രികൻ സ്ഥലത്തെത്തി നായ്ക്കളെ വിരട്ടിയോടിച്ചതോടെയാണ് യുവതിക്ക് ശ്വാസം നേരെ വീണത്. അക്രമകാരികളായ നായ്ക്കളെ കൊണ്ട് പൊറുതി മുട്ടുകയാണ് നഗരത്തിന്റെ പടിഞ്ഞാറൻ പ്രദേശം. തെരുവുനായ്ക്കളുടെ ആക്രമണം റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ വാക്സിനുമായി ആരോഗ്യവിഭാഗം ഇറങ്ങുന്നതുകൊണ്ടുമാത്രം അക്രമകാരികളായ നായ്ക്കളെ വരുതിക്ക് നിർത്താൻ സാധിക്കുന്നില്ല. ബൈക്ക് യാത്രക്കാർക്ക് നേരെയും ഇവ പാഞ്ഞടുക്കുന്നത് പതിവാണ്. മിക്ക ദിവസങ്ങളിലും കൈയിലിരിക്കുന്ന കുടയുടെ ബലത്തിലാണ് ഈ വഴി സഞ്ചരിക്കുന്നതെന്ന് സ്ഥിരം യാത്രക്കാർ പറഞ്ഞു. നായ്ക്കൾ പരസ്പരം കുരച്ചുകൊണ്ട് അക്രമാസക്തരാകുന്നതും പ്രദേശത്ത് ഭീകരാവസ്ഥ സൃഷ്ടിക്കുന്നുണ്ട്. റെയിൽവേ സ്റ്റേഷനിലിറങ്ങി കാൽനടയായി വരുന്നവരും, കടപ്പുറം ആശുപത്രിയിൽ നിന്നിറങ്ങി വരുന്നവരുമാണ് ഏറ്റവുമധികം ബുദ്ധിമുട്ട് നേരിടുന്നത്.

ആലപ്പുഴ നഗരസഭാ സീവ്യു വാർഡിൽ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള എ.ബി.സി (ആനിമൽ ബർത്ത് കൺട്രോൾ) സെന്ററിലേക്ക് ജില്ലാ മൃഗസംരക്ഷണ ഓഫീസിന്റെ പ്രവർത്തനം മാറ്റിയതൊഴിച്ചാൽ, തെരുവുനായ്ക്കളുടെ വന്ധ്യംകരണത്തിനുള്ള യാതൊരു നടപടിയും ഇവിടെ ആരംഭിച്ചിട്ടില്ല.

പേടിച്ചാണ് കടപ്പുറം റെയിൽവേസ്റ്റേഷൻ റോഡിലൂടെ നടക്കുന്നത്. അഞ്ച് മിനിറ്റ് അവിടെ നിന്നാൽ നായ്ക്കൾ കുരച്ച് അടുത്തേയ്ക്കെത്തും

- യാത്രക്കാർ