ആലപ്പുഴ : സി.പി.എം തകഴി ഏരിയ സമ്മേളനത്തിൽ നേതൃത്വത്തിനെതിരെ രൂക്ഷമായ വിമർശനം ഉയർന്നു. ജില്ലാ സെക്രട്ടറി ആർ.നാസറിന്റെ സാന്നിദ്ധ്യത്തിൽ നടന്ന ചർച്ചയിൽ തകഴി, രാങ്കരി പഞ്ചായത്തുകളിൽ നിന്ന് എത്തിയ സമ്മേളന പ്രതിനിധികളാണ് വിമർശനത്തിന് തുടക്കമിട്ടത്. 27വർഷമായി കൈവശമുണ്ടായിരുന്ന രാമങ്കരി പഞ്ചായത്ത് ഭരണം നഷ്ടമായതും തകഴി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അംബികയുടെ ഭർത്താവ് ഷിബു ബി.ജെ.പിയിൽ ചേർന്നതുമാണ് വിമർശനത്തിന് വഴിയൊരുക്കിയത്.

പഞ്ചായത്ത് പ്രസിഡന്റായിരുന്ന ആർ.രാജേന്ദ്രകുമാറുൾപ്പെടെ 300ഓളം പേർ സി.പി.ഐയിൽ ചേർന്നിരുന്നു. ഇതിനെ തടയിടാനോ പ്രശ്നങ്ങൾ സമയോചിതമായി ഇടപെടാനോ ഏരിയ, ജില്ല നേതൃത്വങ്ങൾക്ക് കഴിഞ്ഞില്ലെന്ന് രാമങ്കരിയിൽ നിന്നും എത്തിയ പ്രതിനിധികൾ തുറന്നടിച്ചു. ഇപ്പോഴത്തെ അവസ്ഥ തുടർന്നാൽ കുട്ടനാട്ടിൽ പാർട്ടി ഇല്ലാതാകുന്ന അവസ്ഥയുണ്ടാകുമെന്നും ഭിന്നതകൾ പരിഹരിച്ച് മുന്നോട്ടു പോകുകയാണ് വേണ്ടെതെന്നും ചില അംഗങ്ങൾ പറഞ്ഞു. ഒരു ഘട്ടത്തിൽ ചർച്ച അതിരുവിടുന്ന സാഹചര്യമുണ്ടായി.ആരോഗ്യകരമായ വിമർശനത്തെ പാർട്ടി ഉൾക്കൊള്ളുമെന്ന് ജില്ലാ സെക്രട്ടറി മറുപടി പ്രസംഗത്തിൽ വ്യക്തമാക്കി.