
70.34 ലക്ഷം രൂപ അടുത്ത ബഡ്ജറ്റിൽ ഉൾപ്പെടുത്തുമെന്ന് മന്ത്രി
മാന്നാർ : ചെന്നിത്തല തെക്ക് ചിത്തിരപുരത്ത് നിന്ന് മറ്റം മഹാദേവ ക്ഷേത്രത്തിലേക്ക് കെട്ടുകാഴ്ചകളുടെ യാത്ര സുഗമമാക്കാൻ വഴിയിലെ വൈദ്യുതി തൂണുകൾ, ലൈനുകൾ എന്നിവ പുനഃക്രമീകരിക്കുന്നതിനായി എസ്റ്റിമേറ്റ് തുകയായ 70.34 ലക്ഷം രൂപ അടുത്ത ബഡ്ജറ്റിൽ ഉൾപ്പെടുത്തുമെന്ന് മന്ത്രി സജി ചെറിയാൻ ഉറപ്പുനൽകിയതായി ചെന്നിത്തല തെക്ക് മറ്റം മഹാദേവക്ഷേത്രത്തിലെ ഒമ്പതാം നമ്പർ ചിത്തിരപുരം കരയോഗം ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ചെന്നിത്തല പതിനെട്ടാംവാർഡിലെ ചിത്തിരപുരത്തു നിന്ന് മറ്റം മഹാദേവ ക്ഷേത്രത്തിലേക്ക് പുറപ്പെടുന്ന കെട്ടുകാഴ്ച ഏകദേശം രണ്ടര കി.മി ദൂരം ഇടുങ്ങിയ റോഡിലൂടെയാണ് സഞ്ചരിക്കുന്നത്. വീതികുറഞ്ഞ വഴിയായതിനാൽ 1.5 കി.മി വരുന്ന ഹൈടെൻഷൻ ലൈനും ബാക്കിയുള്ളത് ലോ ടെൻഷൻ ലൈനുമാണുള്ളത്. ഇതെല്ലം അഴിച്ചു മാറ്റുകയും പിന്നീട് കെട്ടുകാഴ്ചകൾ നീങ്ങി അമ്പലത്തിൽ കയറിയ ശേഷം പുനഃസ്ഥാപിക്കുകയും ചെയ്യുമ്പോൾ നേരം വളരെ വൈകുകയും സുരക്ഷാ നടപടികൾ പാലിക്കാൻ കഴിയാത്ത സാഹചര്യവുമാണുള്ളത്. അമ്പതോളം വീടുകളുള്ള ഈ വഴിയിൽ 11കെ.വി, ലോ ടെൻഷൻ ലൈനുകൾ രാത്രി വൈകി വരെ ഓഫ് ചെയ്തിടുന്നത് പൊതുജങ്ങൾക്ക് ഏറെ ബുദ്ധിമുട്ടാണ്. ഈ ലൈനുകളെല്ലാം ഒരു വശത്തേക്ക് മാറ്റി ഉയരം കൂടിയ പോസ്റ്റുകൾ സ്ഥാപിച്ച് ഇൻസുലേറ്റഡ് കണ്ടക്ടർ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ചിത്തിരപുരം കരയോഗം നവകേരള സദസ്സിൽ നൽകിയ പരാതിക്ക് പച്ചക്കൊടി കാട്ടിയെങ്കിലും ഫണ്ടിന്റെ അപര്യാപ്തത പദ്ധതിക്ക് തടസമായിരുന്നു.
സർക്കാരിന്റെ ഏതെങ്കിലും ഉചിതമായ സ്‌കീമിൽ ഉൾപ്പെടുത്തി തുക കണ്ടെത്തി അടച്ചെങ്കിൽ മാത്രമേ ഈ പദ്ധതി യാഥാർഥ്യമാക്കാൻ കഴിയൂ എന്നതിനാൽ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സ്ഥലം എം.എൽ.എയും മന്ത്രിയുമായ സജി ചെറിയാന് കരയോഗം ഭാരവാഹികൾ നിവേദനം നൽകിയിരുന്നു.ചിത്തിരപുരം കരയോഗം സെക്രട്ടറിഗംഗാധരൻ ഗീതാഞ്ജലി, പ്രസിഡന്റ് പ്രദീപ് മുപ്പത്തിയഞ്ചിൽ, ഖജാൻജി സജീവ് പുലരിയിൽ, തട്ടാരേത്ത് കരയോഗം പ്രസിഡന്റ് മോഹനൻ പടകത്തിൽ, സുഭാഷ് കിണറുവിളയിൽ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.