
മാന്നാർ: ആലപ്പുഴ-പത്തനംതിട്ട ജില്ലകളിലെ പരുമല-മാന്നാർ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നതും മാന്നാർ ടൗണിലെ ഗതാഗതത്തിരക്കിനു പരിഹാരമാകുന്നതുമായ കുരട്ടിക്കാട് കോട്ടയ്ക്കൽ കടവിൽ വലിയ പാലം നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് സാമൂഹ്യ പ്രത്യാഘാത പഠന വിദഗ്ധസമിതി സ്ഥലം സന്ദർശിച്ചു. നിലവിലുള്ള ആംബുലൻസ് പാലം പൊളിച്ചു നീക്കി വലിയ പാലം നിർമ്മിക്കുന്നതിനായി ഭൂമി ഏറ്റെടുക്കുന്നതിന് എസ്.ആർ.ഏഷ്യ ഗാസിയാബാദ് എന്ന ഏജൻസി സമർപ്പിച്ച സാമുഹ്യ പ്രത്യാഘാത റിപ്പോർട്ട് വിലയിരുത്തി അംഗീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് വിദഗ്ദ സമിതി പദ്ധതി സ്ഥലം സന്ദർശിച്ചത്.
25 വർഷം മുമ്പ് നിർമ്മിച്ച ആംബുലൻസ് പാലത്തിലൂടെയാണ് നിലവിൽ ജനങ്ങളുടെ സഞ്ചാരം. നാട്ടുകാരുടെ നിരന്തര ആവശ്യത്തെ തുടർന്ന് മന്ത്രി സജി ചെറിയാൻ നാലു വർഷംമുമ്പാണ് ഇവിടെ വലിയപാലം പണിയുമെന്ന് പ്രഖ്യാപനം നടത്തിയത്.
ഡെപ്യൂട്ടി കളക്ടർ (ലാൻഡ് അക്വിസിഷൻ) സുധീഷ്.ആർ, സ്പെഷ്യൽ തഹസിൽദാർ സൗമ്യ, വിദഗ്ധസമിതി ചെയർപേഴ്സൺ മീന കുരുവിള, പി.കെ, സന്തോഷ്, സോഷ്യൽ സയന്റിസ്റ്റ് മറിയ ടെൻസി, പി.ഡബ്ല്യു.ഡി ബ്രിഡ്ജസ് വിഭാഗം അസി.എൻജിനീയർ പ്രശാന്ത്.എ, മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി രത്നകുമാരി, സ്ഥിരം സമിതി അദ്ധ്യക്ഷ ശാലിനി രഘുനാഥ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സലിം പടിപ്പുരക്കൽ, സുജാത മനോഹരൻ എന്നിവരുൾപ്പെട്ട സംഘമാണ് സ്ഥലം സന്ദർശിച്ചത്.
ആറുമാസത്തിനുള്ളിൽ നിർമ്മാണം തുടങ്ങും
പാലത്തിന് 14 കോടി രൂപക്ക് ഭരണാനുമതി ലഭിക്കുകയും മണ്ണ്പരിശോധന അടക്കമുള്ള നടപടികൾക്ക് തുടക്കം കുറിച്ചെങ്കിലും സാങ്കേതിക തടസങ്ങളിൽ കുരുങ്ങി പണി നീണ്ടുപോയി
പത്തനംതിട്ട ജില്ലാ അതിർത്തിയായ കടപ്ര പഞ്ചായത്തിൽ പാലത്തിന്റെ അപ്രോച്ച് റോഡിന് വീതികൂട്ടണമെങ്കിൽ ദേവസ്വം ബോർഡിന്റെ സ്ഥലം വിട്ടുകിട്ടണമെന്നതായിരുന്നു വലിയ കടമ്പ
20 സെന്റ് സ്ഥലം പാലംപണിക്കായി വിട്ടുനൽകുവാൻ ദേവസ്വംബോർഡുമായി ധാരണയായതോടെയാണ് പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് വേഗം കൂടിയത്
ആറുമാസത്തിനുള്ളിൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.