s

മാവേലിക്കര : റെയിൽവേയും സംസ്ഥാനസർക്കാരും ചിലവ് തുല്യമായി പങ്കുവയ്ക്കുന്ന കല്ലുമല റെയിൽവേ ഓവർബ്രിഡ്ജിന്റെ ജനറൽ എഗ്രിമെന്റ് ഡ്രോയിങ്ങിനും പുതുക്കിയ എസ്റ്റിമേറ്റിനും അന്തിമഅംഗീകാരം ലഭിച്ചതായി കൊടിക്കുന്നിൽ സുരേഷ് എം.പി അറിയിച്ചു. സംസ്ഥാനസർക്കാരിന്റെ ഏജൻസിയായ റോഡ്സ് ആന്റ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപ്പറേഷൻ കേരളയെ പ്രത്യേകോദ്ദേശ്യ കമ്പനിയായി കേരളത്തിലെ വിവിധ മേൽപ്പാലങ്ങളുടെ നിർമ്മാണ ചുമതല റെയിൽവേ ഏൽപ്പിക്കുകയായിരുന്നു.

നേരത്തെ മേൽപ്പാലത്തിനായി 38.22കോടി രൂപയുടെ സാമ്പത്തികാനുമതി ലഭിച്ചെങ്കിലും ഡി.എസ്.ആർ, ജി.എസ്.ടി റേറ്റുകളിലെ വ്യത്യാസം, വാട്ടർ അതോറിട്ടിയുടെ പൈപ്പ് മാറ്റി സ്ഥാപിക്കൽ, കെ.എസ്.ഇ.ബി ലൈൻ മാറ്റം, ബി.എസ്.എൻ.എല്ലിന്റെ ഒപ്റ്റിക്കൽ ഫൈബർ കേബിൾ മാറ്റി സ്ഥാപിക്കൽ, റെയിൽവേയുടെ ഭാഗത്തെ ചുറ്റുമതിൽ നിർമ്മാണം തുടങ്ങിയവയുടെ വർദ്ധിച്ച ചിലവ് മൂലം പുതുക്കിയ തുകയായ 48.33 കോടി രൂപയുടെ പുതിയ പ്രൊപ്പോസൽ റോഡ്സ് ആന്റ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപ്പറേഷൻ കേരള റെയിൽവേയ്ക്ക് സമർപ്പിക്കുകയായിരുന്നു.

കല്ലുമല റെയിൽവേ ഓവർ ബ്രിഡ്ജിന്റെ പ്രവൃത്തിയിൽ റെയിൽവേയുടെ ഭാഗത്തെ നിർമ്മാണം, സംസ്ഥാന സർക്കാർ ഏറ്റെടുത്ത ഭൂമിയിലെ നിർമ്മാണം എന്നിവ ഒറ്റ പദ്ധതിയായി കണ്ട് ഒറ്റ ടെൻഡറിൽ തന്നെ പദ്ധതി പൂർത്തീകരണത്തിനുള്ള അനുമതി റെയിൽവേ അംഗീകരിച്ചു.

ആദ്യം പണം കിഫ്ബിയിൽ നിന്ന്

 സംസ്ഥാന സർക്കാർ കിഫ്ബി വഴി കല്ലുമല റെയിൽവേ മേൽപ്പാലം പദ്ധതിക്കായി പണം നീക്കിവയ്ക്കും

 പണിപൂർത്തിയായശേഷം ചിലവായ തുകയുടെ 50 ശതമാനം റെയിൽവേ തിരികെ നൽകും

 റെയിൽവേയുടെ ഭാഗത്തെ നിർമ്മാണം, സംസ്ഥാന സർക്കാർ ഏറ്റെടുത്ത ഭൂമിയിലെ നിർമ്മാണം എന്നിവയ്ക്ക് ഒറ്റ ടെൻഡർ

 24 മാസത്തിനുള്ളിൽ പദ്ധതി പൂർത്തീകരിക്കാനാണ് ഇപ്പോൾ ലക്ഷ്യമിട്ടിട്ടുള്ളത്

അടങ്കൽ തുക : ₹48.33 കോടി

റെയിൽവേയുടെ ഭാഗത്തുള്ള മേൽപ്പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങളും മേൽനോട്ടവും പൂർണ്ണമായും റെയിൽവേ എൻജിനീയറിംഗ് വിഭാഗത്തിന്റെ നേതൃത്വത്തിൽ ആയിരിക്കും നടക്കുക. ടെൻഡർ നൽകി കഴിഞ്ഞാൽ 24 മാസം കൊണ്ടുള്ള പദ്ധതി പൂർത്തീകരണമാണ് ലക്ഷ്യമിടുന്നത്

- കൊടിക്കുന്നിൽ സുരേഷ് എം.പി