fgsdfgb

ആലപ്പുഴ : മുൻ ജില്ലാ ജഡ്ജിയും മനുഷ്യാവകാശ കമ്മീഷൻ മുൻ അംഗവും കേരള ജുഡിഷ്യൽ അക്കാദമി മുൻ ഡയറക്ടറുമായിരുന്ന തിരുവമ്പാടി രേവതിയിൽ ആർ.നടരാജൻ (74) നിര്യാതനായി. ഇന്നലെ വൈകിട്ട് 5ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് വൈകിട്ട് 4ന് തിരുവമ്പാടിയിലെ വീട്ടുവളപ്പിൽ. ആറാട്ടുപുഴ പെരുമ്പള്ളി നെച്ചിക്കാട്ടിൽ എൻ.എസ്. രാഘവൻ - ബി.സരോജിനി ദമ്പതികളുടെ മൂത്ത മകനാണ് . ഇടമലയാർ കേസിൽ 1999ൽ മുൻമന്ത്രി ആർ.ബാലകൃഷ്ണപിള്ള ഉൾപ്പെടെയുള്ളവരെ അഞ്ചുവർഷം കഠിനതടവിന് ശിക്ഷിച്ച ഇടമലയാർ പ്രത്യേക കോടതി ജഡ്ജിയായിരുന്നു നടരാജൻ.

കോട്ടയം ജില്ലാ ജഡ്ജിയായിരിക്കെ 2006ൽ പ്രവീൺ വധക്കേസിൽ ഒന്നാം പ്രതിയും മലപ്പുറം മുൻ ഡിവൈ.എസ്.പിയുമായ ഷാജിക്കും രണ്ടാം പ്രതിയായ ബിനുവിനും ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. 2008 മുതൽ 2010 വരെ പാലക്കാട് ജില്ലാ ജഡ്ജിയായി പ്രവർത്തിച്ചു. മനുഷ്യാവകാശ കമ്മീഷൻ അംഗമായിരിക്കെ കമ്മിഷന്റെ പ്രവർത്തനങ്ങളെ ജനകീയമാക്കിയിരുന്നു. സംസ്ഥാനത്തെ അന്യാധീനപ്പെട്ട സർക്കാർ ഭൂമി പിടിച്ചെടുക്കാൻ അദ്ദേഹം നടത്തിയ ശ്രമങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. അന്ന് കമ്മീഷൻ ഐ.ജിയായിരുന്ന എസ്. ശ്രീജിത്തിനെ നിയോഗിച്ച് സംസ്ഥാനത്തുടനീളം അന്വേഷണം നടത്തിയാണ് സർക്കാർ ഭൂമി തിരിച്ചു പിടിച്ചെടുക്കാൻ സർക്കാരിന് റിപ്പോർട്ട് നൽകിയത്. കമ്മിഷനിൽ നിന്ന് വിരമിച്ച ആർ.നടരാജൻ പൂർണ സമയവും നിയമ അദ്ധ്യാപനത്തിന് വേണ്ടി നീക്കിവച്ചു. ആശുപത്രിയിൽ പ്രവേശിക്കപ്പെടുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് വരെ ഓൺലൈനിലൂടെ അദ്ധ്യാപനത്തിൽ വ്യാപൃതനായിരുന്നു. ഭാര്യ : ഡോ.അജിതകുമാരി (റിട്ട. അദ്ധ്യാപിക, മെഡിക്കൽ കോളേജ്, ആലപ്പുഴ).
മക്കൾ: അരുൺ ബച്ചു (സബ് ജഡ്ജ് ,മഞ്ചേരി), ഡോ.അരുൺ സച്ചു (പുഷ്പഗിരി മെഡിക്കൽ കോളേജ്, തിരുവല്ല).
മരുമക്കൾ: ഡോ.റജീന, ഡോ.സീത. സഹോദരങ്ങൾ: ആർ.ആനന്ദൻ, ആർ.റോസമ്മ, ആർ. ജയരാജൻ, ആർ. പ്രസാദ് (എ.ഐ.ടി.യു.സി ദേശീയ സെക്രട്ടറി).