a

അതിർത്തി തിരിച്ചിട്ട് ഒരു മാസം

മാവേലിക്കര : കോട്ടത്തോടിന്റെ അതിർത്തി അളന്ന് കല്ലിട്ടിട്ട് ഇന്നലെ ഒരു മാസം തികഞ്ഞു. വ്യാപകമായ കൈയ്യേറ്റങ്ങൾ കണ്ടെത്തിയിട്ടും തുടർ നടപടികൾ ഉണ്ടാകാത്തതിൽ വലിയ വിമർശനമാണ് ഉയരുന്നത്. കയ്യേറ്റ വിഷയത്തിൽ താലൂക്ക് അധികൃതരെ പഴിചാരി രക്ഷപ്പെട്ടിരുന്ന നഗരസഭയും ഇപ്പോൾ പുലിവാലു പിടിച്ചിരിക്കുകയാണ്. സ്ഥലം അളന്ന് കല്ലിടാനും കയ്യേറ്റക്കാരുടെ ഭൂമിയുടെ സർവ്വേ നമ്പറുൾപ്പെടെ കൈമാറാനും റവന്യു അധികൃതർ തയ്യാറായപ്പോൾ കൈയ്യേറ്റക്കാർക്കെതിരെ തുടർ നടപടി സ്വീകരിക്കാൻ നഗരസഭ അധികൃതർ വിമൂഖത കാട്ടുന്നത് എന്തുകൊണ്ടാണെന്ന ചോദ്യം ഉയരുന്നുണ്ട്.

സർവ്വത്ര കൈയ്യേറ്റം

കോട്ടത്തോടിന്റെ യഥാർത്ഥ വീതി 4 മുതൽ ആറര മീറ്റർ വരെയാണ്. എന്നാൽ പലയിടത്തും ഇപ്പോൾ 3 മീറ്റർ മാത്രമാണ് ഉള്ളത്. വ്യാപാര സ്ഥാപനത്തിന് അകത്ത് വരെ അതിർത്തി കല്ലിട്ടിട്ടുണ്ട്. പത്തിലധികം സ്ഥലങ്ങളിൽ തോടിന്റെ സ്ഥലം സ്വകാര്യ വ്യക്തികൾ കയ്യേറി മതിൽ കെട്ടി കൈവശപ്പെടുത്തിയിട്ടുണ്ട്. മൂന്ന് സ്ഥലങ്ങളിൽ വ്യാപാര സ്ഥാപനങ്ങളുടെ ഇറക്ക് കോട്ടതോടിന് മുകളിലേക്ക് സ്ഥാപിച്ചിട്ടുണ്ട്.

നാൾവഴി

2023 മേയ് 10 - വിവിധ സർക്കാർ വകുപ്പുകൾ സംയുക്തമായി പരിശോധന നടത്തി കയ്യേറ്റം കണ്ടെത്തി

2023 നവംബർ - കൈയേറ്റം കണ്ടെത്തി ആറ് മാസങ്ങൾക്ക് ശേഷം കയ്യേറ്റക്കാർക്ക് നോട്ടീസ് നൽകി. പിന്നീട് നടപടി ഉണ്ടായില്ല

2024 ജൂലായ് 17 - വികന സമിതിയുടെ നിർദ്ദേശപ്രകാരം താലൂക്ക് ഓഫീസിൽ നിന്ന് കൈയ്യേറ്റം ഒഴിപ്പിക്കാൻ നഗരസഭക്ക് കത്ത് നൽകി. എന്നാൽ ഇങ്ങനെ ഒരു കത്ത് ലഭിച്ചില്ലെന്നായിരുന്നു നഗരസഭയുടെ നിലപാട്.

2024 സെപ്തംബർ - തോടിന്റ ഇരുവശവും അതിർത്തികല്ലിടുവാൻ താലൂക്ക് വികസന സമിതി മാവേലിക്കര നഗരസഭ സെക്രട്ടറിക്ക് നേരിട്ട് നിർദ്ദേശം നൽകി.

2024 നവംബർ 7 - കൈയ്യേറ്റം ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി നഗരസഭയുടേയും റവന്യു വകുപ്പിന്റെയും നേതൃത്വത്തിൽ 58 സ്ഥലങ്ങളിൽ അതിർത്തി കല്ലുകൾ സ്ഥാപിച്ചു.

2024 നവംബർ 11 - കൈയേറ്റക്കാരുടെ വസ്തുവിന്റെ സർവ്വേ നമ്പരുകൾ റവന്യു വകുപ്പ് നഗരസഭക്ക് കൈമാറി.