
അമ്പലപ്പുഴ : ഡോക്ടറാകാനുള്ള ആഗ്രഹത്തിനൊപ്പം ഫുട്ബാളിനെയും ചിത്രരചനയെയും നെഞ്ചേറ്റിയിരുന്ന ആൽവിന്റെ വിയോഗം വീടിനും നാടിനും തീരാനോവായി മാറി. ഡിസംബർ 2ന് രാത്രി 9.30ഓടെ കളർകോട് കെ.എസ്.ആർ.ടി.സിയും ടവേര കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആലപ്പുഴ മെഡിക്കൽ കോളേജിലെ ഒന്നാം വർഷ എം.ബി.ബി.എസ് വിദ്യാർത്ഥി ആൽവിൻ ജോർജ് (20) എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാത്രിയിലാണ് മരിച്ചത്.
അപകടത്തിൽ 5 വിദ്യാർത്ഥികൾ സംഭവ ദിവസം തന്നെ മരിച്ചിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എം.ബി.ബി.എസിന് അഡ്മിഷൻ ലഭിച്ചിരുന്നെങ്കിലും ഫുട്ബാൾ കളിക്കാനുള്ള അതിയായ ആഗ്രഹത്താലാണ് വിശാലമായ കളിക്കളമുള്ള ആലപ്പുഴ മെഡിക്കൽ കോളേജ് പഠനത്തിനായി തിരഞ്ഞെടുത്തത്. 55ദിവസത്തെ പഠനം പൂർത്തിയായ ദിവസം കൂട്ടുകാരുമൊത്ത് ആലപ്പുഴയിലെ തീയേറ്ററിൽ സൂക്ഷ്മദർശിനിയെന്ന സിനിമക്ക് പോകുമ്പോഴായിരുന്നു അപകടം.
എടത്വ സെന്റ് അലോഷ്യസ് സ്കൂളിലും നാട്ടിലെ എവർ നൈറ്റ് സ്പോർട്സ് ക്ലബ്ബിലും അംഗമായിരുന്നു അൽവിൻ. കൂട്ടുകാരേയും വീട്ടുകാരേയും ക്ലബ്ബിലെ കളിക്കാരേയും വിട്ട് ദൂരെ പഠിക്കാൻ പോകാനുള്ള ആൽവിന്റെ മടിയാണ് ആലപ്പുഴ മെഡിക്കൽ കോളേജിൽ പഠനത്തിന് ചേരാൻ കാരണമായത്.
ആദ്യം നിരസിച്ചു, പിന്നെ കൂടെക്കൂടി
തിങ്കളാഴ്ച കൂട്ടുകാർ സിനിമയ്ക്ക് പോകാനായി വിളിച്ചപ്പോൾ ആദ്യം നിരസിച്ച ആൽവിൻ അവസാനം കൂട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി അമ്മ മീനയുടെ അനുവാദം വാങ്ങി കൂടെ കൂടുകയായിരുന്നു. കാർ ഓടിച്ച ഗൗരിശങ്കറിന്റെ തൊട്ടടുത്തായിരുന്നു ആൽവിൻ ഇരുന്നിരുന്നത്. വാഹനാപകടത്തിൽ തലയ്ക്കും വൃക്കയ്ക്കും ഗുരുതര പരിക്കേറ്റിരുന്നു. അതീവ ഗുരുതരാവസ്ഥയിലായിരുന്ന ആൽവിനെ ബന്ധുക്കളുടെ നിർബന്ധപ്രകാരമാണ് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത് കുടുംബത്തിന്റെയും, സുഹൃത്തുക്കളുടേയും പ്രാർത്ഥനകൾ വിഫലമാക്കിയാണ് 4 ദിവസത്തെ വെന്റിലേറ്റർ വാസത്തിനും ചികിത്സകൾക്കും ശേഷം ആൽവിൻ യാത്രയായത്.