
അമ്പലപ്പുഴ : കുഞ്ഞുവിദ്യാർത്ഥികൾക്കൊപ്പം ഒരു നേരം എന്ന നൂതന പരിപാടി നടപ്പാക്കി പുന്നപ്ര എൻ.എസ്.എസ് യു.പി.എസ്. ക്ലാസ്സിൽ കുട്ടികളോടൊപ്പം ജനപ്രതിനിധികൾ, മാനേജ്മെൻറ് പ്രതിനിധികൾ , രക്ഷകർത്താക്കൾ,പി.ടി.എ ഭാരവാഹികൾ, എച്ച്. എം,ക്ലാസ് ടീച്ചർ, അദ്ധ്യാപകർ എന്നിവർ ചേർന്ന് ഉച്ചഭക്ഷണം കഴിക്കുന്നതാണ് പരിപാടി.
ക്ലാസ് മെനു പ്രകാരം തയ്യാറാക്കുന്ന ഭക്ഷണമാണ് എല്ലാവരും ചേർന്ന് കഴിക്കുന്നത്. എല്ലാ ആഴ്ചയും ജനപ്രതിനിധികൾ, സാമൂഹ്യ രംഗത്തെ പ്രമുഖർ, എഴുത്തുകാർ എല്ലാവരേയും കുട്ടികൾക്കൊപ്പം ഇരുത്തി ഭക്ഷണം കഴിപ്പിക്കുവാനാണ് ഉദ്ദേശിക്കുന്നത്. അതുവഴി കുട്ടികൾക്ക് എല്ലാവരുമായി പരിചയപ്പെടുവാനും അവരുമായി ആശയവിനിമിയം നടത്തുവാനും വേദിയൊരുങ്ങും. ആറ് എ. ഡിവിഷനിൽ ഈ പരിപാടിക്ക് തുടക്കം കുറിച്ചു കൊണ്ട് പുന്നപ്ര തെക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ജി. സൈറസ്, ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ എൻ.കെ. ബിജുമോൻ, സ്കൂൾ പ്രധാനാധ്യാപിക ശ്രീലത,സ്കൂൾ മാനേജർ സി.ആർ രമേഷ് ബാബു, എം. എം.സി ചെയർമാൻ സനോജ്, ബാലകൃഷ്ണപ്പണിക്കർ ,പി.എസ്.ശ്രീദേവി, മാതൃസംഗമം പ്രസിഡന്റ് രമ്യ , പി. ടി .എ യിലെ മറ്റ് പ്രതിനിധികൾ, സീനിയർ അദ്ധ്യാപിക ശ്രീലത ബി.നായർ, ക്ലാസ് ടീച്ചർ രാജശ്രീ എന്നിവർ പങ്കെടുത്തു.