
ചെന്നിത്തല: ശക്തമായ മഴയെ തുടർന്ന് ചെന്നിത്തല പാടശേഖരങ്ങളിൽ മട വീഴ്ച ഉണ്ടായത് പരിശോധിക്കുന്നതിനായി കൃഷിവകുപ്പ് ഉന്നത സംഘം രണ്ടാം ബ്ലോക്ക് പാടശേഖരം സന്ദർശിച്ചു. കൃഷി നാശം സംഭവിച്ചവർക്ക് പകരം കൃഷി ചെയ്യുന്നതിനായി നെൽവിത്ത് എത്രയും വേഗം വിതരണം ചെയ്യുമെന്ന് സംഘം അറിയിച്ചു. ശക്തമായ മഴയിൽ അച്ചൻ കോവിലാറ്റിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് തൊട്ടടുത്ത പാടശേഖരങ്ങളിലേക്ക് വെള്ളത്തിന്റെ തള്ളൽ ഉണ്ടായതോടെ ചെന്നിത്തല 2,5,8,9 ബ്ലോക്ക് പാടശേഖരങ്ങളിലായിന്നു മടവീഴ്ച സംഭവിച്ചത്. വിവിധ പാടങ്ങളിലെ വിത വെള്ളത്തിൽ മുങ്ങി നശിച്ചത് മൂലം ലക്ഷങ്ങളുടെ നഷ്ടമായിരുന്നു നെൽ കർഷകർക്ക് ഉണ്ടായത്. കൃഷി വകുപ്പ് അഡീഷണൽ ഡയറക്ടർ മീന, ആലപ്പുഴ ജില്ലാ കൃഷി ഓഫീസർ അമ്പിളി, കൃഷി ഡെപ്യൂട്ടി ഡയറക്ടർ സിന്ധു, മാവേലിക്കര കൃഷി അസിസ്റ്റന്റ് ഡയറക്ടർ ലേഖ മോഹൻ, ചെന്നിത്തല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജയമ്മ ഫിലേന്ദ്രൻ, വൈസ് പ്രസിഡന്റ് രവികുമാർ കോമന്റേത്ത്, ഗ്രാമപഞ്ചായത്ത് അംഗം ഗോപൻ ചെന്നിത്തല, കൃഷി ഓഫീസർ ചാൾസ് ഐസക് ഡാനിയൽ, അസിസ്റ്റന്റ് കൃഷി ഓഫീസർ ബിജു ശർമ്മ, രണ്ടാം ബ്ലോക്ക് പാടശേഖരസമിതി സെക്രട്ടറി ബിജു പ്രാവേലിൽ, പാടശേഖര സമിതി അംഗങ്ങൾ എന്നിവരുൾപ്പെട്ട സംഘമാണ് സന്ദർശനം നടത്തിയത്.