ആലപ്പുഴ: മാലിന്യ സംസ്ക്കരണ കേന്ദ്രങ്ങൾ വീണ്ടും തുറന്നു നൽകാമെന്ന ജില്ലാ ഭരണകൂടത്തിന്റെ ഉറപ്പിന്മേൽ, കേരള പ്രദേശ് സെപ്റ്റിക്ക് ടാങ്ക് ക്ലീനേഴ്‌സ് മസ്ദൂർ സംഘിന്റെ നേതൃത്വത്തിൽ നടത്തി വന്നിരുന്ന മാലിന്യ ടാങ്കർ ലോറികളുടെ സമരം അവസാനിപ്പിച്ചു. സർക്കാർ ഏറ്റെടുത്ത വാരനാട് മാക്ഡവൽ കമ്പനി വളപ്പിലെ പ്ലാന്റ് 15 ദിവസത്തിനുള്ളിൽ തുറന്നു നൽകാമെന്നും ഉറപ്പ് ലഭിച്ചതായി ലോറി ഉടമകൾ പറഞ്ഞു. ഇന്ന് മുതൽ മാലിന്യം വീണ്ടും ശേഖരിച്ചു തുടങ്ങും. വണ്ടാനത്ത് മെഡിക്കൽ കോളേജ് ആശുപത്രി വളപ്പിലെ പ്ലാന്റിൽ മൂന്ന് ലോഡും, കായംകുളം എൻ.ടി.പി.സിയിൽ മൂന്ന് ലോഡും, പള്ളിപ്പുറം ഇൻഫോപാർക്കിൽ രണ്ട് ലോഡും സംസ്ക്കരിക്കാനാണ് ഇന്നലെ അനുമതി ലഭിച്ചത്. ആലപ്പുഴ, കോട്ടയം ജില്ലാ കളക്ടർമാരെ ഇന്നലെ ലോറി ഉടമകൾ നേരിൽ കണ്ടിരുന്നു. പ്ലാന്റുകൾ അനുവദിക്കാത്ത പക്ഷം തിങ്കളാഴ്ച്ച 150 ടാങ്കർ ലോറികൾ റോഡിൽ നിരത്തി സമരം വിപുലമാക്കാനുള്ള തീരുമാനവും ഭരണകൂടത്തെ സമരക്കാർ അറിയിച്ചിരുന്നു. ഇതോടെയാണ് ചേർത്തലയിലെ പ്ലാന്റ് തുറന്നു നൽകുന്നതടക്കമുള്ള തീരുമാനങ്ങൾ ഭരണകൂടം അറിയിച്ചത്.