
ആലപ്പുഴ : വൃദ്ധയെ വാടക വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പാണാവള്ളി കുളക്കുഴി വീട്ടിൽ പരേതനായ രാമചന്ദ്രൻ നായരുടെ ഭാര്യ വി.എൻ.രമണിയമ്മ (68) ആണ് മരിച്ചത്. ആലപ്പുഴ ചന്ദനക്കാവ് ജംഗ്ഷനു തെക്ക് അത്തിത്തറ അമ്പലത്തിനു സമീപം വാടകവീട്ടിലാണ് രണ്ട് വർഷമായി ഒറ്റയ്ക്ക് താമസിച്ചിരുന്നത്. മൃതദേഹത്തിനു രണ്ടുദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു. . രണ്ടുദിവസമായി ഫോൺ വിളിച്ചിട്ട് കിട്ടാതായതിനെ തുടർന്ന് മകനും കൊച്ചുമകനും വന്നുനോക്കിയപ്പോൾ മുറിക്കുള്ളിൽ കട്ടിലിൽ മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു. വാതിൽ അകത്തുനിന്നു കുറ്റിയിട്ട നിലയിലായിരുന്നു. ക്യാൻസർ രോഗം ഭേദമായെങ്കിലും, പല അസുഖങ്ങൾക്കും മരുന്ന് കഴിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു. ഡോക്ടർമാരെ കാണാനുള്ള സൗകര്യാർത്ഥമാണ് ആലപ്പുഴ നഗരത്തിൽ ഒറ്റയ്ക്ക് താമസിച്ചിരുന്നത്. ആലപ്പുഴ സൗത്ത് പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി. മരണത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ് പറഞ്ഞു. ആലപ്പുഴ ജനറൽ ആശുപത്രിയിൽ നിന്ന് വിരമിച്ച ലാബ് അസിസ്റ്റന്റാണ് രമണിയമ്മ. മക്കൾ: കെ.ആർ.അരുൺകുമാർ, കെ.ആർ.റാണി. മരുമക്കൾ: വിധുമോൾ, രാജേഷ്.