
ആലപ്പുഴ: തെരുവ് നായയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് നാലു മാസമായി അവശനിലയിലായിരുന്ന വൃദ്ധൻ മരിച്ചു. തത്തംപള്ളി കുരിശടി റോഡ് കുട്ടപ്പൻ ലെയിൻ ടി.ആർ.എ 34 തച്ചിൽ അന്റണി ജോസഫ് (ചൂരപ്പറമ്പിൽ കുട്ടപ്പൻ-76) ആണ് മരിച്ചത്. ആഗസ്റ്റ് നാലിന് തത്തംപള്ളി വാർഡിൽ 11 പേരെ തെരുവുനായ അക്രമിച്ചപ്പോൾ ആന്റണി ജോസഫിന്റെ കാലിന് ഗുരുതര മുറിവ് സംഭവിച്ചിരുന്നു. അവിവാഹിതനായ ആന്റണി ഒറ്റയ്ക്കാണ് താമസിച്ചിരുന്നതെന്ന് തത്തംപള്ളി റെസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. കാലിലെ എല്ല് കാണാൻ പറ്റുന്ന മുറിവ് മാസങ്ങൾ കഴിഞ്ഞിട്ടും ഉണങ്ങി സുഖപ്പെട്ടിരുന്നില്ല. തെരുവ്നായ ആക്രമണത്തിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ആന്റണി ജോസഫ് ജസ്റ്റിസ് എസ്. സിരിജഗൻ കമ്മിറ്റിക്ക് അപേക്ഷ സമർപ്പിച്ചിരുന്നു.