ആലപ്പുഴ: ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് മാവേലിക്കര കോടതി വധശിക്ഷ വിധിച്ചു. വള്ളികുന്നം മൂന്നാം വാർഡിൽ രാമകൃഷ്ണ ഭവനത്തിൽ ജയന്തിയെ (35) തലയ്ക്കടിച്ചും ശിരസ് അറുത്തുമാറ്റിയുമാണ് കൊലപ്പെടുത്തിയത്. മാന്നാർ ആലുംമൂട്ടിൽ താമരപ്പള്ളി വീട്ടിൽ കുട്ടിക്കൃഷ്ണനാണ് (62) പ്രതി. രണ്ടു പതിറ്റാണ്ടുമുമ്പ് നടന്ന സംഭവത്തിലാണ് അഡിഷണൽ ജില്ല സെഷൻസ് കോടതി (ഒന്ന്) ജ‌ഡ്ജി ജി.ശ്രീദേവി വിധി പ്രസ്താവിച്ചത്. കൊലക്കേസിൽ അറസ്റ്റിലായ കുട്ടിക്കൃഷ്ണൻ ജാമ്യത്തിലിറങ്ങി വീടും വസ്തുവും വിറ്റ പണവുമായി നാടുവിടുകയായിരുന്നു. അതാണ് കേസിന്റെ വിചരണ ഇത്രയും നീണ്ടുപോകാൻ കാരണം.

2004 ഏപ്രിൽ രണ്ടിനു പകൽ മൂന്നോടെയായിരുന്നു കേസിനാസ്പദമായ സംഭവം. സംശയരോഗിയായ കുട്ടിക്കൃഷ്ണൻ ജയന്തിയെ വീട്ടിൽവച്ച് കറിക്കത്തി, ഉളി, ചുറ്റിക, ഹാക്സോ ബ്ളേഡ് എന്നിവ ഉപയോഗിച്ച് ആക്രമിച്ചും തലയറുത്തും കൊലപ്പെടുത്തുകയായിരുന്നു. കത്തികൊണ്ട് ശിരസ് അറുത്തുമാറ്റി. തലയ്ക്ക് പിന്നിലെ പ്രധാന രക്തധമനി ഉളികൊണ്ടാണ് മുറിച്ചത്. ശിരസ് ജയന്തിയുടെ വയറിനുമുകളിൽ വച്ച് പുതപ്പിട്ട് മറച്ചു. സംഭവത്തിന് ദൃക്സാക്ഷിയായ ഒരുവയസും രണ്ടുമാസവും പ്രായമുണ്ടായിരുന്ന പെൺകുഞ്ഞുമായി അടുത്തദിവസം രാവിലെ പൊലീസ് സ്റ്റേഷനിലെത്തി കുറ്റം അറിയിക്കുകയായിരുന്നു.

മാന്നാർ പൊലീസ് രജിസ്റ്റർ ചെയ്ത 120‍/2004 ക്രൈംനമ്പർ കേസിലാണ് വധശിക്ഷ. ക്രൂരത പരിഗണിച്ച് ഐ.പി.സി 302ന് (കൊലപാതകക്കുറ്റം) വധശിക്ഷയും, മൃതദേഹത്തോടുള്ള അനാദരവിന് ഐ.പി.സി 297 വകുപ്പനുസരിച്ച് 1 വർഷം തടവും 1 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. പിഴത്തുകയിൽ 50,​000 രൂപ മകൾക്ക് നൽകണമെന്നും വിധിയിലുണ്ട്.

പ്രതിയുടെ മൊഴി ആസ്പദമാക്കി രജിസ്റ്റർ ചെയ്ത കേസിൽ വധശിക്ഷ വിധിക്കുന്ന അത്യപൂർവകേസായി ജയന്തികൊലക്കേസ് മാറുകയാണ്.

കുട്ടിക്കൃഷ്ണന്റെ നാടുവിടൽ

വിമുക്തഭടൻ പരേതനായ രാമകൃഷ്ണ കുറുപ്പിന്റെയും ശങ്കരിയമ്മയുടെയും മൂന്നു പെൺമക്കളിൽ ഇളയവളാണ് ജയന്തി. ബി.എസ് സി പാസായി നിൽക്കുമ്പോഴായിരുന്നു ഗൾഫുകാരനായ കുട്ടികൃഷ്ണനുമായുള്ള വിവാഹം. വിവാഹശേഷം മാന്നാർ ആലുംമൂട് ജംഗ്ഷനു സമീപം വീട് വാങ്ങി ജയന്തിയുമൊത്ത് താമസമാരംഭിച്ച കുട്ടികൃഷ്ണൻ,​ അവിടെവച്ചാണ് കൊല നടത്തിയത്. തുടർന്ന്,​ ജാമ്യത്തിലിറങ്ങി ഈ വീടും വസ്തുവും വിറ്റു. അതുമായി നാടുവിട്ട പ്രതി

കേരളത്തിനു പുറത്ത് വ്യാജ പേരുകളിൽ വിലസി. രണ്ടു വർഷം മുമ്പാണ് പൊലീസിന്റെ പിടിയിലായത്. തുടർന്നാണ് വിചാരണ നടത്തിയത്.

നിർണായകമായ തെളിവുകൾ

കൈക്കുഞ്ഞൊഴികെ ദൃക്സാക്ഷികളാരുമില്ലാതിരുന്ന കേസിൽ കൃത്യത്തിനുപയോഗിച്ച ആയുധങ്ങളിൽ നിന്നും മുറിയിൽ നിന്നും ശേഖരിച്ച രക്ത സാമ്പിളുകളും വിരലടയാളവുമാണ് കേസിൽ നിർണായകമായത്. പ്രതിയുടെയും ജയന്തിയുടെയും ഒഴികെ മൂന്നാമതൊരാളുടെ രക്തസാമ്പിൾ മുറിക്കുള്ളിൽ നിന്ന് ലഭിക്കാതിരുന്നതിനാൽ കൊലപാതകം മറ്റാരോ നടത്തിയതാണെന്ന പ്രതിഭാഗം വാദം കോടതി തള്ളി. ഭാര്യയെ സംശയമുണ്ടായിരുന്ന കുട്ടികൃഷ്ണൻ ഇവരുടെ മുടി മുറിച്ച് സൗന്ദര്യമില്ലാതാക്കാൻ ശ്രമിച്ചതുൾപ്പെടെ സാഹചര്യത്തെളിവുകളും പരിഗണിച്ചു. 22 സാക്ഷി മൊഴികളും 36 രേഖകളും 30 തൊണ്ടിമുതലുകളും പോസ്റ്റുമോർട്ടം, ഫോറൻസിക് റിപ്പോർട്ടുകളും കേസിൽ നിർണായക തെളിവായി.

പ്രോസിക്യൂഷനു വേണ്ടി പബ്ളിക്ക് പ്രോസിക്യൂട്ടർ പി.വി. സന്തോഷ് കുമാ‌‌ർ, അഭിഭാഷകരായ ആർ.വിജയൻപിള്ള, ആർ. സുജാദേവി, പ്രിയ എസ്,ദീപക്,​ എ, സച്ചുസുരേന്ദ്രൻ, അനൂപ് പി. പിള്ള എന്നിവ‌ർ ഹാജരായി. മാന്നാർ സി.ഐയായിരുന്ന എൻ.എ. റഷീദ്,​ കുറ്റപത്രം നൽകിയ കേസിൽ ചെങ്ങന്നൂർ ഡിവൈ.എസ്‌. പി ബിനുകുമാറാണ് കുട്ടികൃഷ്ണനെ അറസ്റ്റ് ചെയ്തത്.

''പ്രതിയുടെ മൊഴി പ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ വധശിക്ഷ ലഭിക്കുന്ന ആദ്യത്തെ കേസാണ് ഇത്. അറസ്റ്റിനു ശേഷം പ്രതിയെ ചോദ്യം ചെയ്ത് കുറ്റസമ്മതമൊഴി രേഖപ്പെടുത്താറുണ്ട്. കുട്ടികൃഷ്ണന്റെ മൊഴിയാണ് ജയന്തിക്കേസിൽ പ്രഥമവിവര റിപ്പോർട്ടായി രേഖപ്പെടുത്തിയിരിക്കുന്നത്

- അഡ്വ.പി.വി .സന്തോഷ് കുമാർ, ഗവ.പ്ളീഡർ, മാവേലിക്കര