
മുഹമ്മ: തെങ്ങാണോ, പ്ളാവാണോ വലുതെന്ന് ചോദിച്ചാൽ ഉത്തരം പലതാകും.
എന്നാൽ, കൃഷിയിൽ ഏതാണ് ലാഭമെന്ന് ചോദിച്ചാൽ റിട്ട.ക്രൈം ബ്രാഞ്ച് എസ്.ഐ പി.ബോസ് തറപ്പിച്ചു പറയും, പ്ളാവാണെന്ന്. തൃശൂരിൽ നിന്ന് വിയന്നാം ആയുർ ജാക്ക് ഇനത്തിൽപ്പെട്ട കുറച്ചു പ്ളാവിൻ തൈകൾ ബോസ് വാങ്ങി നട്ടത് ഒമ്പത് വർഷം മുമ്പാണ്. ഒരു കൊല്ലം കഴിഞ്ഞപ്പോൾ തന്നെ അവ കായ്ച്ചു തുടങ്ങി. വർഷത്തിൽ മൂന്ന് പ്രാവശ്യം കായ്ക്കുന്നതുകൊണ്ട് എപ്പോഴും പറമ്പ് നിറയെ ചക്കയാണ്.
ഇടിച്ചക്ക, കൂഴച്ചക്ക, ചക്കപ്പഴം എന്നിവ കൂടാതെ ചക്ക വറയായുമൊക്കെ ഉപയോഗിക്കാൻ പറ്റിയ ഫലങ്ങൾ. ആവശ്യക്കാർ വീട്ടിൽ വന്ന് വാങ്ങിക്കൊണ്ട് പോകുകയും ചെയ്യും.
ഒരു കിലോ ചക്കയ്ക്ക് 25 മുതൽ 40 രൂപ വരെയാണ് വില. ഒരു പ്ളാവിൽ നിന്ന് ഒരു വർഷം 60 ചക്കയോളം കിട്ടും. ഒരു ചക്കയ്ക്ക് ആറ് കിലോ തൂക്കം വരും. പ്ളാവിന്റെ വളർച്ചയ്ക്ക് അനുസരിച്ച് ഇനിയും ആദായം വർദ്ധിക്കുമെന്നും ബോസ് പറയുന്നു.
തെങ്ങിനെക്കാൾ വരുമാനം ഇരട്ടിയായതോടെ, കാവുങ്കൽ ഉള്ളൂർ വീട്ടിലെ ഒന്നര ഏക്കർ പുരയിടത്തിൽ പ്ളാവ് കൃഷി വ്യാപിപ്പിക്കാനൊരുങ്ങുകയാണ് ബോസ്.
തേനും ലാഭം
പ്ളാവ് കൃഷിൽ മികച്ച നേട്ടം കൈവരിച്ചതോടെ തേനീച്ച വളർത്തലിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് ബോസ്. തേനീച്ച വളർത്തലും വളരെ ലാഭകരമെന്നാണ് അദ്ദേഹം പറയുന്നത്. തേനിന് കിലോയ്ക്ക് 1000 മുതൽ 5000 രൂപ വരെ ബോസ് സമ്പാദിക്കുന്നുണ്ട്.
തെങ്ങിനെ അപേക്ഷിച്ച് പ്ളാവിന് രോഗ ഭീഷണിയും നഷ്ട ഭയവും കുറവാണ്. നല്ല വരുമാനവും കിട്ടും
-പി.ബോസ്