ആലപ്പുഴ : നഗരത്തിന്റെ പ്രധാനഭാഗങ്ങളിൽ ഹൈമാസ്റ്റ് ലൈറ്റുകളില്ലാത്തത് സാമൂഹ്യവിരുദ്ധർക്ക് തുണയാകുന്നു. ആലപ്പുഴ ബീച്ചിലെ ഹൈമാസ്റ്റ് ലൈറ്റുകൾ മിഴിതുറന്നിട്ട് മാസങ്ങൾ പിന്നിട്ടു. പ്രതിദിനം ആയിരക്കണക്കിന് യാത്രക്കാർ എത്തുന്ന ആലപ്പുഴ കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനിൽ ഹൈമാസ്റ്റ് ലൈറ്റുകൾ അടുത്തിടെ സ്ഥാപിച്ച് ആശ്വാസമായി. മാസങ്ങളായി ഇരുട്ടിലാണ്ട് കിടന്ന ബസ് സ്റ്റേഷനിൽ ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കണമെന്ന നിരന്തരമായ ആശ്വാസത്തിനാണ് ഇതോടെ വിരാമമായത്. രാത്രികാലത്ത് ബസ് സ്റ്റേഷൻ പരിസരത്തത്ത് സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം വർദ്ധിച്ചതോടെ യാത്രക്കാർ സുരക്ഷാ ഭീഷണിയിലാണ്. ലൈംഗിക തൊഴിലാളികളുടെ ഏജന്റുമാരായി പ്രവർത്തിക്കുന്ന യുവാക്കൾ മദ്യവും മയക്കുമരുന്നും ഉപയോഗിച്ച ശേഷം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റ് പരിസരം താവളമാക്കുന്നുണ്ട്. യാത്രക്കാരായി എത്തുന്ന സ്ത്രീകളോട് സംഘം അപമര്യദയായി പൊരുമാറുന്നതും പതിവാണ്.

നഗരസഭ, ഡി.ടി.പി.സി, ലയൺസ് ക്‌ളബ് എന്നിവയുടെ നേതൃത്വത്തിലാണ് ബീച്ചിൽ 10 ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചത്. ഇവ പ്രകാശിക്കാത്തതിനാൽ സന്ധ്യ കഴിഞ്ഞാൽ ബീച്ച് ഇരുട്ടിലാണ്. ബീച്ചിൽ പ്രധാനവഴിയായ ഓപ്പൺ എയർ തിയേറ്ററിന്റെ ഭാഗത്തുള്ള ഹൈമാസ്റ്റ് ലൈറ്റുമാത്രമാണ് പ്രകാശിക്കുന്നത്. മറ്റ് ഭാഗങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ഹൈമാസ്റ്റ് ലൈറ്റുകൾ കണ്ണടച്ചിട്ട് മാസങ്ങൾ പിന്നിട്ടു.

വെളിച്ചമില്ലാതെ ബീച്ച്

1. ഇരുട്ടിന്റെ മറവിൽ ആലപ്പുഴ ബീച്ചിൽ സാമൂഹ്യ വിരുദ്ധരുടെയും പിടിച്ചുപറിക്കാരുടെയും ശല്യം വർദ്ധിച്ചു

2. ബീച്ചിന് തെക്കുഭാഗത്തെ ആളൊഴിഞ്ഞ ഭാഗങ്ങളിലാണ് മയക്കുമരുന്ന് സംഘങ്ങളുടെ കച്ചവട താവളം

3. ഏതാനും ദിവസങ്ങൾക്കുമുമ്പ് ബീച്ചിൽ നിന്ന് രണ്ടുമാസം പ്രായമായ കഞ്ചാവ് ചെടികൾ കണ്ടെത്തിയിരുന്നു

4. സമാന്തര ബൈപ്പാസിന്റെ മേൽപ്പാലത്തിനായി നിർമ്മിച്ചിട്ടുള്ള ഗർഡറുകളുടെ മറയത്തും സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടമാണ്

5. രാത്രിയിൽ റോഡരികിൽ പാർക്ക് ചെയ്തിട്ടുള്ള വാഹനങ്ങളിൽ നിന്ന് പെട്രോൾ ഊറ്റുന്നതും പതിവാണ്