ഹരിപ്പാട്: കരുവാറ്റ ലീഡിംഗ് ചാനലിൽ നടന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് മത്സരത്തിൽ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ കാരിച്ചാൽ ജേതാവായി. ഇഞ്ചോടിഞ്ച് പോരാടിയ കൈനകരി വില്ലേജ് ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരത്തിനാണ് രണ്ടാംസ്ഥാനം. നിരണം ബോട്ട് ക്ലബ്ബിന്റെ നിരണം ചുണ്ടൻ മൂന്നാമതെത്തി.

ലൂസേഴ്സ് ഫൈനലിൽ യു ബി സി കൈനകരിയുടെ തലവടി ചുണ്ടൻ ഒന്നാമതും റോച്ചാ സി.മാത്യു ക്യാപ്റ്റനായ നടുഭാഗം ചുണ്ടൻ രണ്ടാമതും കുമരകം ടൗൺ ബോട്ട് ക്ലബ് തുഴഞ്ഞ മേൽപ്പാടം ചുണ്ടൻ മൂന്നാമതുംമെത്തി.

ഫസ്റ്റ് ലൂസേഴ്സ് ഫൈനലിൽ ചമ്പക്കുളം , പായിപ്പാട്, ആയാപറമ്പ് വലിയ ദിവാൻജി ചുണ്ടനുകൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. കരുവാറ്റ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ് എസ്.സുരേഷ് കുമാർ പതാക ഉയർത്തിയതോടെയാണ് ജലമേളക്ക് തുടക്കമായത്. സഭാ ചീഫ് വിപ്പ് എൻ ജയരാജ് വള്ളംകളി ഉദ്ഘാടനം ചെയ്തു. മാസ് ഡ്രില്ലിന് എസ് ഗോപാലകൃഷ്ണൻ നേതൃത്വം നൽകി. ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ അഡ്വ.ടി.എസ് താഹ ഫ്ലാഗ് ഓഫ് നിർവ്വഹിച്ചു. തുടർന്ന് നടന്ന സമ്മേളനത്തിൽ ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രുഗ്മിണി രാജു റിപ്പോർട്ട് അവതരിപ്പിച്ചു. ജലോത്സവ സമിതി സെക്രട്ടറി അഡ്വ . എം.എം അനസലി സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ജോൺ തോമസ് , സംസ്ഥാന യുവജന ക്ഷേമ ബോർഡ് അംഗങ്ങളായ ജിസ് മോൻ, എസ്.ദീപു എന്നിവർ സംസാരിച്ചു . ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി സമ്മാനദാനം നിർവ്വഹിച്ചു.