ആലപ്പുഴ : ചൂടിനും പൊടിയ്ക്കും ആശ്വാസമായെങ്കിലും ഫെയ്ഞ്ചൽ പ്രതിഭാസത്തിന്റെ ഭാഗമായി കഴിഞ്ഞദിവസങ്ങളിൽ പെയ്ത മഴയിൽ

ദേശീയപാത നിർമ്മാണം നടക്കുന്നയിടങ്ങൾ ചെളിയിലും വെള്ളത്തിലും കുഴഞ്ഞത് നിർമ്മാണ പ്രവർത്തനങ്ങൾക്ക് തടസമാകുന്നു. ദേശീയപാത വികസനം മന്ദഗതിയിലാണെന്ന് വിലയിരുത്തിയ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ റീച്ചുകളിലാണ് മഴ പ്രതിസന്ധിയായത്. ന്യൂനമർദ്ദത്തിന്റെ ഭാഗമായി പെയ്ത മഴയാണ് കൃഷ്ണപുരം മുതൽ അരൂർ വരെയുള്ള ദേശീയപാത വികസനപ്രവർത്തനങ്ങളെ ബാധിച്ചത് . അരൂർ- തുറവൂർ, തുറവൂർ തെക്ക്- പറവൂർ, പറവൂർ- കൊറ്റുകുളങ്ങര എന്നിങ്ങനെ മൂന്ന് റീച്ചുകളിലായാണ് ജില്ലയിൽ ദേശീയ പാത നിർമ്മാണം പുരോഗമിക്കുന്നത്.

ദേശീയ പാതയ്ക്കായി വിട്ടുകിട്ടിയ സ്ഥലങ്ങൾ മണ്ണിട്ട് ഉയർത്തി സർവീസ് റോഡുകളും ഓടകളും അടിപ്പാതകളും കേബിൾ ട്രഞ്ചുകളും നിർമ്മിക്കുന്ന ജോലികളാണ് നടന്നുവരുന്നത്. ഉയരപ്പാതകളുടെയും പാലങ്ങളുടെയും നിർമ്മാണത്തിനുള്ള പൈലിംഗ് ജോലികളും തൂണുകളുടെയും സ്പാനുകളുടെയും നിർമ്മാണവും നടക്കുന്നുണ്ട്. മണ്ണ് ക്ഷാമത്തിന് വിരാമമായി മണ്ണുവന്നുതുടങ്ങിയതിന് പിന്നാലെയാണ് മഴ വിനയായത്.

തോട്ടപ്പള്ളി പാലത്തിന്റെ നിർമ്മാണ ജോലിയേയും അമ്പലപ്പുഴയിലെ ഫ്ളൈ ഓവർ നിർമ്മാണത്തെയും മഴ ബാധിച്ചിട്ടുണ്ട്. തോട്ടപ്പള്ളിയിൽ നിലവിലെ ദേശീയപാതയുടെ പടിഞ്ഞാറുവശത്താണ് മണ്ണിട്ട് ഉയർത്തി നിർമ്മാണം നടക്കുന്നത്. പാലത്തിന്റെ തൂണുകൾ സ്ഥാപിക്കാനുള്ള പൈലിംഗ് ജോലികൾക്കും കോൺക്രീറ്റിനുമാണ് മഴയും കിഴക്കൻ വെള്ളത്തിന്റെ കുത്തൊഴുക്കും തടസമായത്.

യന്ത്രങ്ങൾ ചെളിയിൽ അകപ്പെട്ടു,

കടക്കാരും ദുരിതത്തിൽ

 സർവീസ് റോഡുകൾക്കായി മണ്ണിട്ട് ഉയർത്തിയ സ്ഥലങ്ങളെല്ലാം ചെളിക്കുണ്ടായി മാറി

 പാതയുടെ വശങ്ങളിലെ താമസക്കാർക്കും വ്യാപാരസ്ഥാപനങ്ങൾക്കും ഇത് ദുരിതമായി

 ഹരിപ്പാട് ഭാഗത്ത് മണ്ണ് നിരത്താനായി കൊണ്ടുവന്ന ചിലയന്ത്രങ്ങൾ ചെളിയിൽ അകപ്പെട്ടു

 കായംകുളം, കരീലകുളങ്ങര, ചേപ്പാട്, പുന്നപ്ര തുടങ്ങിയ ഇടങ്ങളിലെല്ലാം പാതയുടെ വശങ്ങൾ ചെളിക്കുണ്ടായി

മഴ മുന്നറിയിപ്പുകൾ നിലച്ചതോടെ വരും ദിവസങ്ങളിൽ കാലാവസ്ഥ അനുകൂലമായാൽ പണി വേഗത്തിലാക്കും

- നിർമ്മാണ കമ്പനി