chennithala-palliyotam

ചെന്നിത്തല: ഒരു നാടിന്റെ സംസ്കാരത്തിന്റെയും പൈതൃകത്തിന്റെയും ആചാരപ്പെരുമയുടെയും പ്രതീകമായ ചെന്നിത്തല പള്ളിയോടം 14 വർഷത്തിനു ശേഷം പുതുക്കിപ്പണിയുന്നു. ചെന്നിത്തല തെക്ക് 93 ാംനമ്പർ എൻ.എസ്.എസ് കരയോഗത്തിന്റെ ഉടമസ്ഥതയിലുള്ള പള്ളിയോടത്തിന്റെ ചുണ്ടും, അമരവുമാണ് പുതുക്കിപ്പണിയുക.

120 വർഷം മുമ്പ് കിണറുവിള രാമൻ നായർ, കൊന്നക്കോട്ട് നീലകണ്ഠപ്പിള്ള, വളയത്തിൽ വേലുപ്പിള്ള, കല്ലിക്കാട്ട് കേശവപിള്ള തുടങ്ങിയ കരപ്രമാണിമാരാണ് ആദ്യമായി ചെന്നിത്തല കരയ്ക്ക് കുട്ടനാട്ടിൽനിന്ന് ചുണ്ടൻവള്ളം വാങ്ങിയത്. ഇപ്പോൾ ചെന്നിത്തല തെക്ക് 93-ാം നമ്പർ എൻ.എസ്.എസ്. കരയോഗത്തിന്റെ ഉടമസ്ഥതയിലുള്ള പള്ളിയോടത്തിന് 93അടി നീളവും അൻപത്തിയൊന്നേകാൽ അംഗുലം ഉടമയും 18 അടി അമരപ്പൊക്കവുമുണ്ട്. 2010-ൽ പുതിയ പള്ളിയോടം ചങ്ങങ്കരി വേണു ആചാരിയുടെ നേതൃത്വത്തിൽ പണിത് നീറ്റിലിറക്കുകയും പഴയ പള്ളിയോടം പുതുക്കുളങ്ങരയ്ക്ക് വിൽക്കുകയും ചെയ്തു.

ആഞ്ഞിലി തടി കോട്ടയത്ത് നിന്ന്

പുതുക്കി പണിയുന്നതിന് ആവശ്യമായ ആഞ്ഞിലി തടി കോട്ടയം . കാനത്ത് നിന്നും ഭക്ത്യാദരപൂർവം ഘോഷയാത്രയായി ചെന്നിത്തലയിൽ എത്തിച്ചു. ചീഫ് വിപ്പ് ഡോ.എൻ ജയരാജ്, വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ്, വൈസ് പ്രസിഡന്റ് ഗീതാകുമാരി, വാഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി.റെജി, വാർഡ് മെമ്പർ സിന്ധു എന്നിവരുടെ സാന്നിധ്യത്തിൽ മുഖ്യശില്പി അയിരൂർ സന്തോഷ് ആചാരി, 93-ാം നമ്പർ എൻ.എസ്.എസ് കരയോഗം പ്രസിഡന്റ് ദിപു പടകത്തിൽ, സെക്രട്ടറി ഗോപാലകൃഷ്ണപിള്ള, ട്രഷർ കൃഷ്ണകുമാർ, പള്ളിയോട പ്രതിനിധികളായ രാകേഷ് മഠത്തിൽ വടക്കേതിൽ, സുധീഷ് കുമാർ.എസ്, കമ്മറ്റി അംഗങ്ങളായ അജിതകുമാരി, ശ്രീകുമാർ, നിർമ്മാണ കമ്മറ്റി ചെയർമാൻ ശ്രീനാഥ് ആഴാത്ത്, കൺവീനർ രവീന്ദ്രൻ പിള്ള തുടങ്ങിയവരുടെ നേതൃത്വത്തിൽ വൈകിട്ടോടെയാണ് ചെന്നിത്തല മഹാദേവ ക്ഷേത്ര സന്നിധിയിൽ എത്തിച്ചത്. ഇന്ന് രാവിലെ 9ന് കോട്ടമുറി ജംഗ്ഷനിൽ നിന്നും മാവേലിക്കര താലൂക്ക് യൂണിയൻ പ്രസിഡന്റ് ഡോ.പ്രദീപ് ഇറവങ്കര, യൂണിയൻ സെക്രട്ടറി സനീഷ് കുമാർ, എൻ.എസ്.എസ് പ്രതിനിധി സഭാംഗം സതീശ് ചെന്നിത്തല, മേഖല പ്രതിനിധി സദാശിവൻ പിള്ള എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ച് പള്ളിയോട കടവിൽ എത്തിക്കും.