tur

തുറവൂർ: കറണ്ട് ചാർജ് കുടിശികയായതിനെ തുടർന്ന് നിർദ്ധന കുടുംബത്തിന്റെ ചെറ്റകുടിലിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ച് മീറ്റർ അഴിച്ചു കൊണ്ടുപോയി. കോടംതുരുത്ത് പഞ്ചായത്ത് 15-ാം വാർഡ് കൊച്ചുതറ വീട്ടിൽ കെ.ബിന്ദുവിന്റെ വീട്ടിലെ വൈദ്യുതി ബന്ധമാണ് കുത്തിയതോട് കെ.എസ്.ഇ.ബി അധികൃതർ വിച്ഛേദിക്കുകയും മീറ്റർ അഴിച്ചുകൊണ്ടുപോയി ഇരുട്ടിലാക്കുകയും ചെയ്തത്.

2057 രൂപ കുടിശിക വന്നതിനെ തുടർന്നാണ് ഈ നിർദ്ധന കുടുംബത്തെ ഇരുട്ടിലാക്കി അധികൃതർ ക്രൂരത കാട്ടിയത്. പ്ലസ് വണ്ണിനും എട്ടാം ക്ലാസിലും പഠിക്കുന്ന രണ്ട് കുട്ടികളാണ് ബിന്ദുവിനുള്ളത്. വീട് ഇരുട്ടിലായതോടെ ഇവരുടെ പഠനവും മുടങ്ങുമെന്ന സ്ഥിതിയാണ്. കൂലിവേല ചെയ്ത് കിട്ടുന്ന തുച്ഛമായ വരുമാനത്തിലൂടെയാണ് ബിന്ദു കുടുംബം പുലർത്തുന്നത്. നിത്യവൃത്തിക്ക് വകയില്ലാതെ വന്നതുകൊണ്ട് കഴിഞ്ഞ ഏപ്രിൽ മാസം മുതലാണ് വൈദ്യുതി ബിൽ കുടിശികയായത്. കുടിശിക തുക അയൽക്കൂട്ടങ്ങളിൽ നിന്ന് വായ്പ എടുത്ത് അടയ്കാകാൻ ചെന്നപ്പോൾ പണം സ്വീകരിക്കില്ലെന്നും വൈദ്യുതി കണക്ഷൻ ഇനി പുനസ്ഥാപിച്ച് നൽകില്ലെന്നുമുള്ള നിലപാടാണ് കെ.എസ്.ഇ.ബി അധികൃതർ കൈക്കൊള്ളുന്നതെന്നും ബിന്ദു പറയുന്നു. ഇതു സംബന്ധിച്ച് ജില്ലാ കളക്ടർക്ക് ബിന്ദു നിവേദനം നൽകിയതിനെ തുടർന്ന് വൈദ്യുതി പുന:സ്ഥാപിക്കാൻ കെ.എസ്.ഇ.ബിക്ക് നിർദ്ദേശം നൽകിയിട്ടും പുതിയ കണക്ഷൻ മാത്രമേ നൽകാൻ കഴിയൂ എന്ന നിലപാടിലാണ് അധികൃതർ. കെ.എസ്.ഇ.ബി അസി. എൻജിനിയർക്കും എക്സിക്യുട്ടീവ് എൻജിനിയർക്കും ദുരവസ്ഥ കാട്ടി പരാതി നൽകിയിട്ടും അവരും കൈയൊഴിഞ്ഞു. നവംബർ 25 നാണ് ബിന്ദുവിന്റെ വീട്ടിലെ കണക്ഷൻ വിച്ഛേദിച്ചത്. പാവപ്പെട്ട കുടുംബത്തിനെതിരെ കെ.എസ്.ഇ.ബി അധികൃതർ സ്വീകരിച്ച മനസാക്ഷിയില്ലാത്ത നടപടിക്കെതിരെ പ്രതിക്ഷേധം ഉയർന്നു കഴിഞ്ഞു.