36 കോടിയുടെ അഗ്രിമാൾ അമ്പലപ്പുഴയിൽ
ആലപ്പുഴ: കാർഷിക മേഖലയ്ക്ക് 2765 കോടി രൂപയുടെ ലോകബാങ്ക് സഹായത്തിന് അന്തിമാനുമതി ലഭിച്ചതായി മന്ത്രി പി.പ്രസാദ് പറഞ്ഞു. സംസ്ഥാന കീട നിരീക്ഷണ കേന്ദ്രം മങ്കൊമ്പിന്റെ പുതിയ ഓഫീസ് കെട്ടിടം കളർകോട് അഗ്രി കോപ്ലക്സിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഇത്രയും വലിയ നിക്ഷേപം കേരളത്തിന്റെ കാർഷിക മേഖലയ്ക്ക് ശക്തി പകരും.ഇതിൽ 500 കോടി രൂപയും നെൽകൃഷി മേഖലയ്ക്കായി നീക്കിവയ്ക്കും. 1950ന് ശേഷം ഇത്രയും വലിയ സഹായം കാർഷിക മേഖലയ്ക്ക് ലഭിക്കുന്നത് ഇപ്പോഴാണ്. കൃഷി ഉത്പന്നങ്ങളും ഉപകരണങ്ങളും വളവും ഉൾപ്പടെ കൃഷിയുമായി ബന്ധപ്പെട്ട എല്ലാക്കാര്യങ്ങളും ഒരു കുടക്കീഴിൽ എത്തിക്കുന്ന 36 കോടി രൂപയുടെ അഗ്രിമാൾ അമ്പലപ്പുഴയിൽ തുടങ്ങുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതായും മന്ത്രി പറഞ്ഞു. എച്ച്.സലാം എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി, കെ.എൽ.ഡി.സി ചെയർമാൻ പി.വി.സത്യനേശൻ എന്നിവർ മുഖ്യാതിഥികളായി.