ആലപ്പുഴ: നഗരത്തിൽ മുല്ലയ്ക്കൽ ചിറപ്പ്, ബീച്ച് ഫെസ്റ്റ്, പുതുവത്സരാഘോഷം എന്നിവയോടനുബന്ധിച്ച് ജനതിരക്ക് നിയന്ത്രിക്കുന്നതിന് ആവശ്യമായ മുൻകരുതലെടുക്കാൻ അമ്പലപ്പുഴ താലൂക്ക് വികസന സമിതി യോഗം തീരുമാനിച്ചു. ഇതിന് മുന്നോടിയായി കിടങ്ങാം പറമ്പ് റോഡ് അറ്റകുറ്റപ്പണി പൂർത്തീകരിക്കുന്നതിന് പി.ഡബ്ളിയു.ഡി റോഡ്സിനും ബീച്ചിൽ രാത്രിയിൽ ആവശ്യത്തിന് വെളിച്ചം ലഭ്യമാക്കുന്നതിനുള്ള വിളക്കുകൾ 10ന് മുമ്പായി സ്ഥാപിക്കാൻ ആലപ്പുഴ നഗരസഭയ്ക്കും നിർദ്ദേശം നൽകാൻ തീരുമാനിച്ചു. നഗരത്തിൽ മോഷ്ടാക്കളുടെ ശല്യം വർദ്ധിച്ചുവരുന്നതിനാൽ റെസിഡന്റ്സ് അസോസിയേഷനുകളുടെ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകാൻ യോഗം തീരുമാനിച്ചു. തഹസിൽദാർ എസ്.അൻവറിന്റെ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. ആർ.സനൽകുമാർ, വി.ജയപ്രസാദ്, ജോസി ആന്റണി, എം.ഇ.നിസാർ അഹമ്മദ്, ജി.സഞ്ജീവ് ഭട്ട്, എസ്.എ.അബ്ദുൾസലാം ലബ്ബ, പി.ജെ.കുര്യൻ, അഡ്വ. നാസർ എം.പൈങ്ങാമഠം, ഷാജി വാണിയപ്പുരയ്ക്കൽ എന്നീ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ഉദ്യോഗസ്ഥ പ്രതിനിധികളും പങ്കെടുത്തു.