ആലപ്പുഴ: നാടുനീളെ അലഞ്ഞ് ഭാഗ്യവാന്മാരെ സൃഷ്ടിക്കുമ്പോഴും സംസ്ഥാനത്തെ ഭൂരിപക്ഷം ലോട്ടറി വിൽപ്പനക്കാരുടെയും ജീവിതത്തിലേക്ക് ഭാഗ്യം എത്തിനോക്കുന്നില്ല. വിൽക്കാതെ മിച്ചം വരുന്ന ടിക്കറ്റുകളിന്മേലുള്ള നഷ്ടം മുതൽ ആരോഗ്യപരമായ നിരവധി പ്രശ്നങ്ങളും നേരിട്ടാണ് ഓരോ ലോട്ടറി തൊഴിലാളിയും ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നത്. സമ്മാനം അടിക്കാതെ വരുമ്പോൾ സ്ഥിരമായി ലോട്ടറിയെടുക്കുന്നവർ പോലും പിൻവലിയുകയാണെന്ന് എഴുപത്തിയെട്ടു വയസുകാരി ചെല്ലമ്മ പറഞ്ഞു. വീടുകളും, സ്ഥാപനങ്ങളും തൂത്ത് വൃത്തിയാക്കി ഉപജീവനം കണ്ടെത്തിയിരുന്ന ചെല്ലമ്മ കഴിഞ്ഞ ആറ് വർഷമായി ലോട്ടറി വിറ്റാണ് വക തേടുന്നത്. ലോട്ടറി മേഖലയിലേക്ക് എത്തിയപ്പോൾ അറുപത് വയസ് പിന്നിട്ടതിനാൽ ക്ഷേമനിധി അംഗത്വവുമില്ല. ആള് കൂടുന്ന പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് കച്ചവടം. കച്ചവടക്കാരുടെ എണ്ണം കൂടിയതോടെ മേഖലയിലും മത്സരം മുറുകി. പ്രായാധിക്യത്താൽ അധികദൂരം നടന്ന് കച്ചവടം ചെയ്യാനാവാത്തതും ഇവർക്ക് പ്രതിസന്ധിയാണ്. കയർ മേഖല പ്രതിസന്ധി നേരിട്ടതോടെ പലരും എത്തി നിൽക്കുന്നത് ലോട്ടറി കച്ചവ
ടത്തിലാണ്.
മിച്ചം വിറ്റുപോകാത്ത ടിക്കറ്റുകൾ!
കഴിഞ്ഞ ഓണത്തിന് ക്ഷേമനിധിയിൽ നിന്ന് ഏഴായിരം രൂപ ബോണസ് ലഭിച്ചത് വലിയ ആശ്വാസമായിരുന്നെന്ന് ലോട്ടറി വിൽപ്പനക്കാരിയായ മിനിമോൾ പറഞ്ഞു. നാൽപ്പത് രൂപയുടെ ടിക്കറ്റ് വിറ്റാൽ അഞ്ച് രൂപയാണ് കമ്മീഷൻ ലഭിക്കുന്നത്. ഗ്രാമപ്രദേശങ്ങളിൽ നിന്ന് കച്ചവടം തേടി നഗരത്തിലത്തുമ്പോഴുള്ള വണ്ടിക്കൂലി, ഭക്ഷണച്ചെലവ് എല്ലാം കഴിഞ്ഞ് പല ദിവസങ്ങളിലും മിച്ചം തുകയ്ക്ക് പകരം വിറ്റുപോകാത്ത ടിക്കറ്റുകൾ ശേഷിക്കുന്നതാണ് വലിയ ദുഃഖമെന്ന് വിൽപ്പനക്കാർ പറയുന്നു. ഇതിനിടെ വൃദ്ധരായ ലോട്ടറി വിൽപ്പനക്കാരെ കബളിപ്പിച്ച് ലോട്ടറി തട്ടുന്ന സംഘങ്ങളുടെ ശല്യവും രൂക്ഷമാണ്. ടിക്കറ്റിലെ നമ്പർ തിരുത്തി തെറ്റിദ്ധരിപ്പിച്ച് അഞ്ഞൂറും, ആയിരവും രൂപ ലോട്ടറി കച്ചവടക്കാരിൽ നിന്ന് പറ്റിച്ച് വാങ്ങും. വാട്സ് ആപ്പ് ഗ്രൂപ്പുകൾ കേന്ദ്രീകരിച്ചുള്ള ഓൺലൈൻ വിൽപ്പനയും നിരത്തിൽ വെയിലും മഴയുമേറ്റ് കച്ചവടം നടത്തുന്ന തങ്ങൾക്ക് പ്രതിസന്ധി സൃഷ്ടിക്കുകയാണെന്ന് ചെറുകിട കച്ചവടക്കാർ പറയുന്നു. ക്ഷേമനിധി മാത്രമാണ് ഏക ആശ്വാസം. വീട്ടുവാടക, കുടുംബച്ചെലവ് തുടങ്ങി എല്ലാ കാര്യങ്ങളും ലോട്ടറി വിറ്റ് കിട്ടുന്ന വരുമാനം കൊണ്ട് നടത്തണമെന്ന് മുഹമ്മ സ്വദേശി നിർമ്മ (64) പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിൽ വിറ്റ ടിക്കറ്റുകളിൽ നൂറ് രൂപ പോലും സമ്മാനമില്ലായിരുന്നു. ഇതോടെ ടിക്കറ്റെടുക്കാൻ ആളുകൾ മടിക്കും. വിൽക്കാത്ത ടിക്കറ്റുകളുടെ ഇനത്തിൽ രണ്ടായിരത്തി അഞ്ഞൂറ് രൂപ ഏജൻസിയിൽ അടയ്ക്കാൻ പണമില്ലാതെ വിഷമിക്കുകയാണ്
ചെല്ലമ്മ, ലോട്ടറി വിൽപ്പനക്കാരി