
ആലപ്പുഴ : ഇന്ത്യൻ മെഡിക്കൽ കൗൺസിലിന്റെ മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ അംഗീകാരം നഷ്ടമായ ആലപ്പുഴ ഗവ. ദന്തൽ കോളേജിന്റെ അംഗീകാരം പുനസ്ഥാപിക്കാൻ ശ്രമം ആരംഭിച്ചു. അഞ്ചുമാസത്തിനുള്ളിൽ സൗകര്യം ഒരുക്കിയില്ലെങ്കിൽ 2025-26 അദ്ധ്യയന വർഷം മുതൽ ബി.ഡി.എസ് കോഴ്‌സിലേക്കുള്ള പ്രവേശനം താൽക്കാലികമായി നിർത്തിവയ്ക്കാനാണ് കൗൺസിൽ തീരുമാനം.
2014ലാണ് ആലപ്പുഴയിൽ ഗവ.ദന്തൽ കോളേജ് ആരംഭിച്ചത്. മെഡിക്കൽ കോളേജ് അധികൃതർ നൽകിയ പാരാമെഡിക്കൽ വിഭാഗത്തിന്റെ ഇടുങ്ങിയതും സൗകര്യങ്ങൾ കുറവുള്ളതുമായ കെട്ടിടത്തിലാണ് നിലവിൽ പ്രവർത്തനം. എട്ടുവർഷം മുമ്പ് പുതിയ കെട്ടിട സമുച്ചയത്തിന്റെ നിർമ്മാണം ആരംഭിച്ചെങ്കിലും പൂർത്തീകരിക്കാനായില്ല. കരാറുകാരന് പണം നൽകാത്തതിനെത്തുടർന്ന് ഒരുവർഷം മുമ്പ് കെട്ടിടനിർമ്മാണം നിലച്ചു. മെഡിക്കൽ കോളജ് വളപ്പിൽ ദേശീയപാതയോട് ചേർന്ന് 5ഏക്കറിലാണ് പുതിയ മൂന്ന് നില കെട്ടിടം നിർമ്മിക്കുന്നത്. 90ശതമാനം ജോലികളും പൂർത്തികരിച്ചു. 6കോടിരൂപയുടെ നിർമ്മാണമാണ് ഇനിശേഷിക്കുന്നത്.
സൗകര്യങ്ങൾ അടിയന്തരമായി ഒരുക്കുമെന്ന് സർക്കാർ
 അടിസ്ഥാന സൗകര്യങ്ങൾ അടിയന്തരമായി ഒരുക്കുമെന്ന് സംസ്ഥാന സർക്കാർ കേന്ദ്രത്തിന് ഉറപ്പു നൽകി
 പണി പുനരാംഭിക്കാനായി കഴിഞ്ഞ 4ന് കോളേജിൽ ഉന്നതതലയോഗം നടന്നെങ്കിലും തീരുമാനമായില്ല
 വലിയ തുക ലഭിക്കാനുള്ളതുകൊണ്ടാണ് കരാറുകാരൻ നിർമ്മാണം പുനരാരംഭിക്കാത്തത്
 പലിശയും ജി.എസ്.ടിയും നൽകിയാൽ പണികൾ പൂർത്തീകരിക്കാൻ തയ്യാറാണെന്ന നിലപാടാണ് കരാറുകാരൻ
മുന്നറിയിപ്പ് നൽകിയത് കേരളകൗമുദി
കൗൺസിലിന്റെ പരിശോധനയ്ക്ക് മുമ്പ് മാനദണ്ഡങ്ങൾക്ക് അനുസരിച്ച് സൗകര്യം ഒരുക്കിയില്ലെങ്കിൽ കോളേജിന്റെ അംഗീകാരം നഷ്ടപ്പെടാനുള്ള സാദ്ധ്യത കഴിഞ്ഞ വർഷം നവംബർ 19ന് കേരളകൗമുദി പ്രസിദ്ധീകരിച്ച 'കെട്ടിട നിർമ്മാണം ഇഴയുന്നു....ദന്തൽകോളേജിന്റെ ഭാവി തുലാസിൽ'എന്ന വാർത്തയിലൂടെ ചൂണ്ടിക്കാട്ടിയിരുന്നു. എന്നിട്ടും ഫലപ്രദമായ ഇടപെടൽ നടത്തിയില്ല.
വിദ്യാർത്ഥികൾ: 250
ബാച്ച് : 5
വിദ്യാർത്ഥികളെ സംസ്ഥാനത്തെ മറ്റ് ദന്തൽ കോളേജുകളിലേക്ക് സ്ഥലം മാറ്റാനുള്ള കൗൺസിലിന്റെ നിർദ്ദേശം പുനഃപരിശോധിക്കണം. ഇത് വിദ്യാർത്ഥികളുടെ അക്കാദമിക് പുരോഗതിയെ പ്രതികൂലമായി ബാധിക്കും.
- വിദ്യാർത്ഥികൾ
കോളേജിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളുടെ നിർമ്മാണം അടിയന്തരമായി പൂർത്തിയാക്കുമെന്ന് സംസ്ഥാനം കേന്ദ്ര സർക്കാരിന് ഉറപ്പ് നൽകിയ സാഹചര്യത്തിൽ അംഗീകാരം പിൻവലിക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണം. കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയാകുന്നത് വരെ വിദ്യാർത്ഥികളെ സ്ഥലം മാറ്റുന്ന നടപടി നിർത്തിവയ്ക്കണം
- കെ.സി വേണുഗോപാൽ എം.പി