photo

ആലപ്പുഴ : നീരൊഴുക്ക് തടസപ്പെടുംവിധം സ്വകാര്യ വ്യക്തികൾ നികത്തിയ തോട് 14ദിവസത്തിനുള്ളിൽ പൂർവസ്ഥിതിയിലാക്കണമെന്ന നഗരസഭയുടെ നോട്ടീസ് നൽകിയിട്ടും അനക്കമില്ലാതെ കൈയേറ്റക്കാർ. ജില്ലാകോടതിക്കു പടിഞ്ഞാറുവശം കിടങ്ങാംപറമ്പ് വാർഡിൽ (പഴയ സനാതനം വാർഡ്) കയർ യന്ത്ര നിർമ്മാണ കമ്പനിയുടെ വടക്കേയറ്റം അനധികൃതമായി പുറമ്പോക്ക് ഭൂമി കൈയേറി നീർച്ചാൽ നികത്തിയവർക്കെതിരെയാണ് നോട്ടീസ് നൽകിയത്. പൊളിച്ചു നീക്കയവ പുനഃസ്ഥാപിച്ചു നൽകണമെന്നാണ് നഗരസഭയുടെ നോട്ടീസിൽ പറയുന്നത്. നോട്ടീസ് കൈപ്പറ്റി 14ദിവസം കഴിഞ്ഞിട്ടും കൈയേറിയ ഭൂമി വിട്ടുനൽകിയിട്ടില്ല. കൈയേറ്റക്കാരിൽ ഒരാൾ സ്വന്തം വീടിന്റെ പിൻഭാഗത്തെ തോട് നികത്തി മരങ്ങൾ വച്ചും ഷെഡും ടാങ്കും നിർമ്മിച്ചതിനെ തുടർന്നുണ്ടായ വെള്ളക്കെട്ട് ഒഴിവാക്കാൻ , അയൽവാസിയുടെ മതിൽ പൊട്ടിച്ച് വെള്ളം ഒഴുക്കിക്കിട്ടിരുന്നു. മുല്ലയ്ക്കൽ വില്ലേജിന്റെ പരിധിയിൽപ്പെടുന്ന തോടാണ് കൈയേറി നികത്തിയത്.

...................

# വെള്ളക്കെട്ടിൽ 35ഓളം കുടുംബങ്ങൾ

പുറംപോക്ക് തോട് കയ്യേറിതോടെ 35ഓളം കുടുംബങ്ങൾ വെള്ളക്കെട്ടിലായി. നഗരത്തിൽ കിടങ്ങാംപറമ്പ് വാർഡിൽ കയർയന്ത്ര നിർമ്മാണ കമ്പനിയുടെ വടക്ക് ഭാഗത്ത് താമസിക്കുന്ന ജനങ്ങളാണ് ദുരിതത്തിലായത്. നഗരസഭയിലെയും അമ്പലപ്പുഴ താലൂക്കിലെയും ഉദ്യോഗഗസ്ഥരും സംയുക്ത പരിശോധന നടത്തി പുറംപോക്ക് തിട്ടപ്പെടുത്തിയിരുന്നു.ഏഴുവർഷമായി പരാതി നൽകിയിട്ടും പരിഹാരം ഉണ്ടാകുന്നില്ലെന്ന് ആക്ഷേപമുണ്ട്. റീസർവേ പ്രകാരം തങ്ങൾക്കു കിട്ടിയ ഭൂമിയാണ് നികത്തിയതെന്ന് കൈയേറ്റക്കാർ പറയുന്നുണ്ടെങ്കിലും ഇത് മിച്ചഭൂമിയാണെന്നുള്ള വിവരാവകാശ രേഖകൾ സഹിതം പ്രദേശവാസികൾ കളക്ടർക്ക് പരാതി നൽകിയിരുന്നു. കൈയേറ്റക്കാർ മിച്ചഭൂമി ഒഴിയാത്തതിനാൽ വിഷയം ഇനി മുഖ്യമന്ത്രിയെയും ഉന്നത ഉദ്യോഗസ്തരെയും അറിയിക്കുവാൻ ഒരുങ്ങുകയാണ് പ്രദേശവാസികൾ.

........

''മഴ പെയ്താൽ പ്രദേശത്തെ വീടുകൾ മുങ്ങാതിരിക്കാൻ കൈയേറ്റ ഭൂമികൾ തിരിച്ചുപിടിച്ച് നീർച്ചാൽ പുനർനിർമിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകി.

പ്രദേശവാസികൾ