
ആലപ്പുഴ : കുറുവ ഭീതിയിൽ ആശങ്കയിലുള്ള നഗരത്തിൽ ഭീതി പരത്തി വീണ്ടും മോഷ്ടാക്കളുടെ വിളയാട്ടം. കഴിഞ്ഞദിവസം തത്തംപള്ളി വാർഡിലാണ് വ്യാപകമായ മോഷണശ്രമമുണ്ടായത്. ഒരാളുടെ സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ഷർട്ടും പാന്റും ധരിച്ചെത്തിയ ആൾ ഇടയ്ക്ക് വെച്ച് മുഖം തുണി കൊണ്ട് മറയ്ക്കുന്നതും, പാന്റിന്റെ പോക്കറ്റിൽ കരുതിയിരുന്ന ആയുധം ഉപയോഗിച്ച് തത്തംപള്ളി കുരിശടിയുടെ വാതിൽ തകർത്ത് അകത്ത് പ്രവേശിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. പ്രദേശത്തെ ഒരു വീട്ടിൽ നിന്ന് സൈക്കിൾ മോഷ്ടിച്ചതൊഴിച്ചാൽ, മറ്റ് കാര്യമായ മുതലുകളൊന്നും അപഹരിക്കാൻ കള്ളന് സാധിച്ചില്ല.മണ്ണഞ്ചേരിയിൽ മോഷണം നടത്തിയ കുറുവ സംഘം പിടിയിലായെങ്കിലും, സമാനമായ രീതിയിൽ പുന്നപ്ര വടക്ക് പഞ്ചായത്തിലെ വീടിന്റെ അടുക്കളവാതിൽ തകർത്ത് അകത്തുകയറി സ്വർണം അപഹരിച്ച സംഭവത്തിൽ ഒരുമാസമാകുമ്പോഴും തുമ്പില്ല. കുറുവസംഘത്തെ ഭയന്ന് ആഴ്ചകളോളം വിവിധ പ്രദേശങ്ങളിൽ യുവാക്കളടക്കം കൂട്ടായ്മ രൂപീകരിച്ച് രാത്രികാല പട്രോളിങ്ങ് നടത്തിയിരുന്നു.
വെള്ളംകുടി മുട്ടിച്ച് കള്ളൻ
ശനിയാഴ്ച്ച അർദ്ധരാത്രിയാണ് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് തത്തംപള്ളി തയ്യിൽ ഷാജിജോസഫിന്റെ വീടിനോട് ചേർന്നുള്ള പലചരക്ക് കടയുടെ പൂട്ട് തകർക്കാൻ മോഷ്ടാവ് ശ്രമിച്ചത്. ശബ്ദംകേട്ട് വീട്ടുകാർ ഉണർന്നതോടെ കള്ളൻ സ്ഥലംവിട്ടു. ഞായറാഴ്ച വൈകിട്ട് നോർത്ത് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഇന്നലെ രാവിലെ വീട്ടിലെ വാട്ടർടാങ്കിലേക്ക് വെള്ളം കയറാത്തതിനാൽ പരിശോധന നടത്തിയപ്പോൾ മോട്ടോർ ഇളക്കി മാറ്റാൻ കള്ളൻ ശ്രമിച്ചിരുന്നതായി മനസ്സിലായി. മോട്ടോർ ഇളക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ, അതിലെ ഫാൻ നശിപ്പിച്ചു. പ്രദേശത്തെ പത്തോളം വീടുകളുടെ ഗേറ്റ് തുറക്കാൻ കള്ളൻ ശ്രമിച്ചതായി വീട്ടുകാർ പറഞ്ഞു.
മോഷ്ടാക്കളെ പൂർണമായി തുരത്താൻ പൊലീസ് പട്രോളിംഗ്ശക്തമാക്കണം
- ഷാജി ജോസഫ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്