ആലപ്പുഴ: ക്രിസ്മസ്- പുതുവത്സരാഘോഷത്തിന് ആഴ്ചകൾ മാത്രം ശേഷിക്കെ ലഹരി ഒഴുക്ക് തടയാൻ നടപടികൾ ശക്തമാക്കി പൊലീസും എക്സൈസും. ലഹരി കടത്തും കച്ചവടവും തടയാൻ ജില്ലയിൽ വിവിധ വകുപ്പ് മേധാവികൾ ഉൾപ്പെടുന്ന സംയുക്ത പരിശോധനാ സംവിധാനമായ നാർക്കോ കോർഡിനേഷൻ സെന്ററിന്റെ നേതൃത്വത്തിൽ അതിർത്തി പ്രദേശങ്ങളിലും പ്രധാന റോഡുകളിലും ഉൾപ്പടെ പരിശോധന ശക്തമാക്കും.

റോഡ്, റെയിൽ, ജലമാർഗം ലഹരി കടത്താൻ സാദ്ധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. ലഹരിക്കേസുകളിൽ മുമ്പ് പിടിയിലായിട്ടുള്ള മുഴുവൻ പ്രതികളെയും പൊലീസിന്റെയും എക്സൈസിന്റെയും ഡാൻസഫ് സംഘവും രഹസ്യാന്വേഷണ വിഭാഗങ്ങളും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

ഇവരുടെയും സുഹൃത്തുക്കളുടെയും ഫോണുകളും നിരീക്ഷണത്തിലാണ്.

ടൂറിസ്റ്റ് കേന്ദ്രങ്ങൾ നിരീക്ഷണത്തിൽ

1. ശബരിമല ഡ്യൂട്ടിയിലുള്ള ആലപ്പുഴ നർക്കോട്ടിക് സെൽ ഡിവൈ.എസ്.പി പങ്കജാക്ഷൻ മടങ്ങിയെത്തിയാൽ ഉടൻ നഗരത്തിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലും ഹൗസ് ബോട്ടുകളിലും ബീച്ചിലും ഉൾപ്പടെ പരിശോധനകൾ ശക്തമാക്കും

2. അസി.എക്സൈസ് കമ്മിഷണറുടെ നേതൃത്വത്തിൽ എക്സൈസിന്റെ പരിശോധനകൾ ജില്ലയിൽ നടന്നുവരികയാണ്. ട്രെയിനുകൾ, അന്തർ സംസ്ഥാന ബസ് സർവീസുകൾ തുടങ്ങിയവയെല്ലാം എക്സൈസിന്റെ നിരീക്ഷണത്തിലാണ്

3. അന്യസംസ്ഥാന തൊഴിലാളി ക്യാമ്പുകളിൽ ലഹരി സാധനങ്ങൾ സംഭരിച്ച് വിൽപ്പന നടത്തുന്നതായി വ്യക്തമായിട്ടുണ്ട്. പത്ത് കിലോയോളം കഞ്ചാവുമായി അന്യസംസ്ഥാന സ്ത്രീകൾ ഉൾപ്പടെ നാലുപേർ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു

സംയുക്തപരിശോധന

 എക്സൈസ്, ജി.എസ്.ടി വിഭാഗം, മോട്ടോർ വാഹന വകുപ്പ്, കോസ്റ്റ് ഗാർഡ്,ഹെൽത്ത് സ്ക്വാഡ് തുടങ്ങി വകുപ്പുകളുടെ ജില്ലാ തല മേധാവികൾ ഉൾപ്പെട്ട പരിശോധനാ സംവിധാനമാണ് നാർക്കോട്ടിക് കോ‌ർഡിനേഷൻ കമ്മിറ്റി

 ലഹരികടത്തും വിൽപ്പനയും ഉൾപ്പടെയുള്ള കുറ്റകൃത്യങ്ങൾ തടയുന്നതിനായി ജില്ലാ കളക്ടർ ചെയർമാനും എസ്.പി കൺവീനറുമായുള്ള സംവിധാനം

ഡി.ജെ പാർട്ടികളിലും ആഘോഷ പരിപാടികളിലും ലഹരി ഉപയോഗം കണ്ടെത്തുന്നത് ഉൾപ്പടെയുള്ള നിയമ വിരുദ്ധ നടപടികൾ കണ്ടെത്തുകയാണ് ലക്ഷ്യം

........................

ലഹരി കേസുകൾ

(ജില്ലയിൽ)​

നവംബർ

കേസ്: 61

അറസ്റ്റ്:79

കഞ്ചാവ്: 435 ഗ്രാം

എം.ഡി.എം.എ:25ഗ്രാം

ഹൈറോയിൻ:110 ഗ്രാം

ഹാഷിഷ്: 18.70 ഗ്രാം

ഡിസംബർ

(ഇതുവരെ)

കേസ്:12

അറസ്റ്റ്: 16

കഞ്ചാവ്:10 കി.ഗ്രാം

എം.ഡി.എം.എ:11.08 ഗ്രാം

.............................

ജില്ലയിലുടനീളം പൊലീസും എക്സൈസും പരിശോധന ശക്തമാക്കിയിട്ടുണ്ട്. ലഹരി കടത്തുംവിൽപ്പനയുമായി ബന്ധമുള്ളവരെല്ലാം രഹസ്യ നിരീക്ഷണത്തിലാണ്.

- ജില്ലാ പൊലീസ് മേധാവി, ആലപ്പുഴ